
കണ്ണൂർ: കണ്ണൂർ-തോട്ടട-നടാൽ ഗേറ്റ് വഴി തലശേരിയിലേക്ക് സർവീസ് നടത്തുന്ന ലോക്കൽ ബസുകൾക്ക് പുതുതായി നിർമിക്കുന്ന എൻ.എച്ചിന്റെ സർവീസ് റോഡിൽ കയറാൻ വഴി ഒരുക്കാത്തതിൽ പ്രതിഷേധിച്ച് താണയിലെ ദേശീയപാത പ്രൊജ്ര്രക് ഓഫീസിലേക്ക് ബസുടമകൾ മാർച്ച് നടത്തി. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയും ജില്ലാട്രേഡ് യൂണിയൻ സംയുക്ത സമിതി ഭാരവാഹികളുടെയും നേതൃത്വത്തിലായിരുന്നു മാർച്ച്. ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ കമ്മിറ്റി കൺവീനർ രാജ്കുമാർ കരുവാരത്ത് അദ്ധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ വി.വി.പുരുഷോത്തമൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പി.മോഹനൻ, കോർഡിനേഷൻ കമ്മിറ്റി കൺവീനർ പി.കെ.പവിത്രൻ എന്നിവർ പ്രസംഗിച്ചു.