congress

കണ്ണൂർ: പതിവുപോലെ ആദ്യഘട്ടത്തിൽ പിന്നിലാകുന്ന അവസ്ഥ ഇക്കുറിയും ആവർത്തിച്ച യു.ഡി.എഫ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഓടിപ്പിടിക്കാനുള്ള കഠിനശ്രമത്തിൽ.സ്ഥാനാർത്ഥി നിർണയത്തിലടക്കം പിന്നിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയിൽ താഴെ മാത്രം ദിവസം ബാക്കി നിൽക്കെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സ്ഥാനാർത്ഥി പര്യടനമടക്കം പുരോഗമിക്കുന്നത്.

കെ.പി.സി സി അദ്ധ്യക്ഷൻ കൂടിയായ കെ.സുധാകരൻ മത്സരിക്കുന്ന കണ്ണൂരിലേക്ക് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ദേശീയ സംസ്ഥാന നേതാക്കളുടെ വൻ നിര തന്നെയാണ് പ്രചരണ രംഗത്തേക്ക് എത്തുന്നത്. ഇതിനുപുറമേ സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖരും കെ സുധാകരന്റെ പ്രചരണാർത്ഥം മണ്ഡലത്തിലേക്ക് എത്തുന്നുണ്ട്. മഹാറാലികൾ, കുടുംബ സംഗമങ്ങൾ ഭവന സന്ദർശനം, പൊതുസമ്മേളനങ്ങൾ ഉൾപ്പെടെയുള്ള വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ നേതാക്കൾ പങ്കെടുക്കും.

കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നയിക്കുന്ന റോഡ് ഷോ 16ന് ഉച്ചയ്ക്ക് രണ്ടിന് മട്ടന്നൂർ എയർപോർട്ടിൽ നിന്ന് ആരംഭിച്ച് ഇരിട്ടി ബസ് സ്റ്റാൻഡിൽ സമാപിക്കും.

നയിക്കാൻ നേതാക്കൾ
രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റ്, കനയ്യകുമാർ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ,തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഢി, കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യു.ഡി.എഫ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,പി.കെ.കുഞ്ഞാലിക്കുട്ടി,എം.കെ.മുനീർ, ഷിബു ബേബി ജോൺ, സി പി. ജോൺ,അനുജേക്കബ്,പി.കെ.ഫിറോസ്, എ.ഐ.സി സി സെക്രട്ടറിമാരായ പി.സി വിഷ്ണുനാഥ്,റോജി എം.ജോൺ, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ജെബി മേത്തർ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യർ.