baby

ഒടയംഞ്ചാൽ: ബി.ജെ.പിയുടെ ബി ടീം മാത്രമായി കോൺഗ്രസ് മാറിയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. ക്ഷേത്രത്തിൽ ദർശനം നടത്തിയ രാഹുൽ ഗാന്ധി താൻ പൂണൂൽ ധരിച്ച ബ്രാഹ്മണനാണെന്ന് ചാനലുകൾക്ക് മുമ്പിൽ വിളിച്ചുപറഞ്ഞത് ജനം കേട്ടതാണ്. കോടോം ബേളൂർ ലോക്കൽ എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുസ്മൃതിയുടെ കാലത്തേക്ക് രാജ്യത്തെ തിരിച്ചു കൊണ്ടുപോകാനാണ് ആർ.എസ്.എസും സംഘ പരിവാറും ശ്രമിക്കുന്നത്. ഈ വർഗീയ ഫാസിസ്റ്റ് സമീപനത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇന്ത്യൻ പാർലമെന്റിൽ സുശക്തമായ ഇടതുപക്ഷ സാന്നിധ്യം ഉണ്ടെങ്കിൽ മാത്രമെ സാധാരണ ജനത്തെ ബാധിക്കുന്ന സാമ്പത്തിക നയത്തിൽ തീരുമാനം എടുക്കാൻ കഴിയുകയുള്ളുവെന്നും ബേബി പറഞ്ഞു.എ.കെ. ജിയും പി കരുണാകരനും എം.പി ആയിരുന്നപ്പോൾ ലോകസഭയിൽ ഇവിടത്തെ ശബ്ദം ഉയർന്നിട്ടുണ്ട്. കേരളത്തിലെ യു.ഡി.എഫ് എം.പി മാർ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോൾ കെ.സുധാകരൻ പറഞ്ഞത് തൂമ്പ എടുത്ത് കിളക്കാൻ പോകണോ എന്നാണ് . തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആ പണിക്ക് തന്നെ പോകേണ്ടിവരും-ബേബി പറഞ്ഞു.