കണ്ണൂർ: ഏറെ നാളത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ ഇന്ന് നാട് വിഷുവിനെ വരവേൽക്കുകയാണ്.

വിഷുക്കണി ഒരുക്കാനും സദ്യവട്ടം തയാറാക്കാനുള്ള സാധനങ്ങൾ വാങ്ങാനും വിഷു കോടികൾ വാങ്ങാനുമെത്തിയ ആളുകളുടെ നല്ല തിരക്കായിരുന്നു ഇന്നലെയും നഗരത്തിൽ. അവധി കാലമായതിനാൽ എല്ലാവരും കുടുംബ സമേതമാണ് എത്തിയത്. ഇന്നലെ രാത്രി വരെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കണ്ണൂർ സ്‌റ്റേഡിയം കോർണർ കച്ചവടക്കാരെ കൊണ്ട് നിറഞ്ഞു. മൺപാത്രങ്ങൾ, കണിക്കൊന്ന, കണിവെള്ളരി, കണ്ണിമാങ്ങ തുടങ്ങി എല്ലാവിധ സാധനങ്ങളും ഇവിടെ ലഭ്യമായിരുന്നു. പൊലീസ് മൈതാനി, ടൗൺ സ്‌ക്വയർ എന്നിവിടങ്ങളിൽ വിഷുമേളകൾ സജീവമായിരുന്നു. കുടുംബശ്രീ വിപണനമേളയിൽ കറി പൗഡർ, കറിക്കൂട്ട്, പച്ചക്കറി, കരകൗശല വസ്തുക്കൾ, തുടങ്ങിയവ വാങ്ങാനും ആളുകൾ തിരക്കുകൂട്ടി. ജില്ലയിലെ 90 കേന്ദ്രങ്ങളിൽ കുടുംബശ്രീ വിപണന മേളയുണ്ടായിരുന്നു. പൊലീസ് മൈതാനിയിലെ ജില്ലാ കാർഷിക വ്യവസായ ഉൽപ്പന്ന വിപണന മേളയിലും ഇന്നലെ വരെ വലിയ തിരക്കായിരുന്നു. ടൗൺ സ്‌ക്വയറിലെ ഖാദി എക്സിബിഷനിൽ നിരവധി പേരാണ് എത്തിയത്. ഇക്കുറി ഒറിജിനൽ കൊന്നപ്പൂ കിട്ടിയില്ലെങ്കിലും ഒറിജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക് കൊന്നപൂക്കൾ വിപണിയിൽ വ്യാപകമായുണ്ടായിരുന്നു. ബസുകളിലും കടകളിലുമെല്ലാം പ്ലാസ്റ്റിക് കൊന്നപൂക്കൾ ഇടംപിടിച്ചു.


കൃഷ്ണ വിഗ്രഹങ്ങൾക്കും ആവശ്യക്കാരേറെ

കൃഷ്ണ വിഗ്രഹങ്ങൾ തയാറാക്കുന്ന നാടോടി കലാകാരന്മാർ ഇക്കുറിയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടം പിടിച്ചു. നഗരത്തിൽ താഴെ ചൊവ്വ, കണ്ണോത്തുംചാൽ എന്നിവിടങ്ങളിലായിരുന്നു പ്രധാന നിർമ്മാണം. വിൽപ്പനക്കായി നിരത്തിയ വിഗ്രഹങ്ങൾ വാങ്ങാൻ കഴിഞ്ഞ ദിവസങ്ങളിലായി ആളുകളെത്തി. വിഷുലേന്ന് പ്രതീക്ഷിച്ച പോലെ കൂടുതൽ കച്ചവടം ലഭിച്ചതിന്റെ സന്തോഷത്തിലാണിവർ. 100 രൂപ മുതൽ 1000 രൂപ വരെയുള്ള വിഗ്രഹങ്ങൾവരെ യാണ് വിൽപ്പനക്കുണ്ടായിരുന്നത്.