
കാസർകോട്: ചടുലമായ കൈകൊട്ടി കളിയിലൂടെ സദസ്സിനെ ഇളക്കിമറിക്കുകയാണ് റെഡ് യംഗ്സ് പെരളത്തെ ഒരു കൂട്ടം വനിതകൾ. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണന്റെ വിജയത്തിനായി ചിട്ടയിലും താളത്തിലും സ്വീകരണവേദികളിൽ നിറഞ്ഞാടുകയാണ് ഈ സംഘം.
എൽ.ഡി. എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് എരിയാ കമ്മിറ്റി മുൻകൈയെടുത്താണ് ഷീബയുടെ നേതൃത്വത്തിലുള്ള 16 കലാകാരികൾ 15 മിനുട്ട് സമയ ദൈർഘ്യമുള്ള കൈകൊട്ടിക്കളി അവതരിപ്പിക്കുന്നത്. പരിചയ സമ്പന്നരായ അട്ടോട്ടെ സുകന്യയും, സജിനയുമാണ് സംഘത്തെ പരിശീലിപ്പിച്ചത്. അജാനൂർ പഞ്ചായത്ത് മെമ്പർ ബാലകൃഷ്ണൻ വെള്ളിക്കോത്ത്, സി പി.എം ഏരിയ സെക്രട്ടറി പി.പി.പ്രശാന്ത് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. പെരളത്ത് നിന്ന് തുടങ്ങി ഒടയംചാൽ വരെയുള്ള വേദികളിൽ രാഷ്ട്രീയ കൈക്കൊട്ടിക്കളി അവതരിപ്പിക്കപ്പെട്ടു.
കാസർകോട് മണ്ഡലത്തിൽ നിന്നും വിജയിച്ചു ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ നേതാവായ പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയെ കുറിച്ചുള്ള വരികളിൽ തുടങ്ങി സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും വർഗീയതക്കെതിരെ ഒന്നിക്കാനുള്ള ആഹ്വാനവുമൊക്കെയാണ് വരികളിലുള്ളത്. നാളെ പുതുക്കൈ, രാവണീശ്വരം തുടങ്ങിയ എൽ ഡി എഫ് പര്യടന വേദികളിലും കലാകാരികൾ കൈകൊട്ടി കളി അവതരിപ്പിക്കും.