
കാസർകോട് : കാസർകോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണന്റെ വിഷു ആശംസാകാർഡുകൾ ഇന്നലെ രാവിലെ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും എത്തി. വിഷു ആഘോഷ ദിനത്തിന്റെ തലേന്ന് മലയാളികൾക്ക് സ്ഥാനാർത്ഥിയുടെ ആശംസ കാർഡുകൾ വീടുകളിൽ എത്തിച്ചു വോട്ടർമാർക്ക് നേരിട്ട് കൊടുക്കണമെന്ന എൽ.ഡി.എഫിന്റെ നിർദ്ദേശമാണ് ഇന്നലെ നടപ്പിലാക്കിയത്. പെരുന്നാൾ ദിനത്തിലും സ്ഥാനാർത്ഥിയുടെ ആശംസ കാർഡുകൾ എത്തിച്ചിരുന്നു. ശനിയാഴ്ച അതിരാവിലെ തന്നെ ബൂത്തുതല എൽ.ഡി.എഫ് പ്രവർത്തകർ എം.വി.ബാലകൃഷ്ണന് വേണ്ടി കണികൊന്നയുടെ നിറത്തിൽ തയ്യാറാക്കിയ കാർഡുകൾ എത്തിക്കുകയായിരുന്നു. അതോടൊപ്പം ചിലയിടങ്ങളിൽ മുൻ എം.പി തയ്യാറാക്കിയ തുറന്ന കത്തും വോട്ടർമാർക്ക് നൽകി. ചില ബൂത്തുകളിൽ തിരഞ്ഞെടുപ്പു പൊതുയോഗങ്ങളുടെ നോട്ടീസും പ്രധാന നേതാക്കളുടെ സന്ദർശന നോട്ടീസുകളും വീടുകളിൽ എത്തിച്ചു.