
സൗകര്യം ഈ മാസം 20 വരെ
കണ്ണൂർ:ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ കണ്ണൂർ മണ്ഡലത്തിൽ ഭിന്നശേഷിക്കാരെയും 85 വയസ്സ് കഴിഞ്ഞ വരെയും വീട്ടിലെത്തി വോട്ട് ചെയ്യിപ്പിച്ചുതുടങ്ങും. ഈ മാസം 20 വരെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി ആകെ 149 ടീമുകളെയാണ് ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്.
വോട്ട് ചെയ്യിക്കാൻ 149 ടീമുകൾ
ഒരു ടീമിൽ രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ, പോലീസ്, സൂക്ഷ്മ നിരീക്ഷകൻ എന്നിവർ ഉണ്ടാകും. കൂടാതെ സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും ഇവർക്കൊപ്പം പോകാം. ഈ 149 ടീമുകൾക്ക് 15ാം തീയതി രാവിലെ അതാത് നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിൽ നിന്ന് പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. തുടർന്ന് ഈ ടീം അർഹരായവരുടെ വീടുകൾ സന്ദർശിച്ച് വോട്ടു ചെയ്യിക്കും. വോട്ടറെ ഫോണിലൂടെയോ ബി.എൽ.ഒമാർ വഴിയോ സന്ദർശിക്കുന്ന ദിവസവും ഏകദേശ സമയവും അറിയിക്കും. വോട്ട് ചെയ്യിപ്പിച്ചതിനു ശേഷം അന്ന് വൈകിട്ട് തന്നെ പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരിക്ക് കൈമാറി സ്‌ട്രോംഗ് റൂമിലേക്ക് മാറ്റും.ആദ്യ ദിവസം വോട്ടർ വീട്ടിലില്ലെങ്കിൽ വേറൊരു ദിവസം ആ വോട്ടറുടെ വീട്ടിൽ ടീം എത്തി വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും
സഹായി ആവാം
അന്ധതകൊണ്ടോ ശാരീരിക അവശതകൾ കൊണ്ടോ സ്വയം വോട്ടു ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ വോട്ടർക്ക് തന്റെ വോട്ട് രേഖപ്പെടുത്തുവാൻ സഹായിയെ വെക്കാം. അതിനുള്ള അപേക്ഷ വന്നിരിക്കുന്ന ടീമിന് സമർപ്പിച്ചാൽ മതി. എന്നാൽ സഹായിയായിട്ട് കൂടെ വന്നിരിക്കുന്ന ടീം അംഗങ്ങളെയോ , സ്ഥാനാർത്ഥിയുടെ പ്രതിനിധികളോയോ , സ്ഥാനാർത്ഥിയെയോ വെക്കാൻ പാടില്ല. സഹായിക്ക് 18 വയസ് പൂർത്തിയായിരിക്കണം . സഹായിയും സത്യ പ്രസ്താവന എഴുതി ഒപ്പിട്ട് ടീമിന് നൽകണം.
കണ്ണൂർ പാർലിമെന്റ് മണ്ഡലം
വീട്ടിലെത്തി വോട്ട് ചെയ്യിക്കേണ്ടവരുടെ എണ്ണം 10960
85 വയസ് കഴിഞ്ഞവർ 8434
ഭിന്നശേഷിക്കാർ 2526
നിയമസഭ മണ്ഡലം തിരിച്ച്
85 വയസ്സ് കഴിഞ്ഞവർ
തളിപ്പറമ്പ് 1221
ഇരിക്കൂർ 1568
അഴീക്കോട് 887
കണ്ണൂർ 985
ധർമ്മടം 1264
മട്ടന്നൂർ 1284
പേരാവൂർ 1225
ഭിന്നശേഷിക്കാർ
തളിപ്പറമ്പ് 452
ഇരിക്കൂർ 381
അഴീക്കോട് 248
കണ്ണൂർ 247
ധർമ്മടം 427
മട്ടന്നൂർ 474
പേരാവൂർ 297