
മാഹി:അപായകരമായ വൃക്ഷം വെട്ടി മാറ്റിയതിനെതിരെ അഴിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നൽകിയ സ്വകാര്യ അന്യായം വടകര മുൻസിഫ് കോടതി ചിലവു സഹിതം തള്ളി. അഴിയൂർ ഗ്രാമപഞ്ചായത്തിൽ മുൻ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിനേയും ഒന്നാം എതിർ കക്ഷിയായും നിലവിൽ ഉള്ള സെക്രട്ടറിയെ രണ്ടാം എതിർ കക്ഷിയായും അഴിയൂർ ചോമ്പാല പതിനൊന്നാം വാർഡിലെ പറമ്പത്ത് അനിൽ കുമാർ സമർപ്പിച്ച സ്വകാര്യ അന്യായമാണ് തള്ളിയത്.
പഞ്ചായത്ത് രാജ് നിയമം വകുപ്പ് 238 പ്രകാരം അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമാണ് സെക്രട്ടറി എടുത്തതെന്ന് കോടതി നിരീക്ഷിച്ചു. പഞ്ചായത്ത് ഭരണ സമിതി തീരുമാനം പ്രകാരവും പഞ്ചായത്തിൽ വെച്ച് നടത്തിയ അദാലത്ത് തീരുമാന പ്രകാരവുമാണ് മുൻ സെക്രട്ടറിയുടെ നേതൃത്തതിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്.