cpm

കണ്ണൂർ: അവസാന ലാപ്പിൽ കുതിക്കാനുള്ള തന്ത്രങ്ങളുമായി മുന്നണികൾ പ്രചാരണത്തിൽ കുതിക്കുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കളം നിറയുകയാണ് മൂന്ന് മുന്നണികളും. സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാജനും ഒറിജിനലുമായി പരമാവധി വോട്ടർമാരിലേക്ക് എത്താനുള്ള കഠിനപ്രയത്നമാണ് സ്ഥാനാർത്ഥികൾക്കായി നടത്തുന്നത്.

വിവാദമായ പഴയ ചില വീഡിയോകളും ഓഡിയോകളും ചിത്രങ്ങളുമൊക്കെ കുത്തിപ്പൊക്കുന്ന തിരക്കിലാണ് മുന്നണികളുടെ സോഷ്യൽമീഡിയ ടീമുകൾ. സ്വന്തം സ്ഥാനാർഥികളുടെ ഇമേജ് വർദ്ധിപ്പിക്കാനും എതിരാളികളുടെ ഇമേജ് തകർക്കാനുമുള്ള കഠിനപരിശ്രമമാണ് സമൂഹ്യമാദ്ധ്യമങ്ങളിൽ നിറയുന്നത്. അവസാന ദിവസങ്ങളിലേക്കു കാത്തുവച്ച പടക്കങ്ങളുമായി പി.ആർ.ടീമുകൾ ഒരുങ്ങി നിൽക്കുകയാണ്. കിട്ടില്ലെന്ന് ഉറപ്പുള്ള വോട്ടുകൾ ചിതറിക്കാനടക്കമുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്.

സ്ഥാനാർഥിയുടെ ഇമേജും പ്രവർത്തന നേട്ടങ്ങളും മുൻനിർത്തിയുള്ള പ്രചാരണങ്ങൾക്കാകും എൽ.ഡി.എഫ്. വരും ദിവസങ്ങളിൽ ശ്രദ്ധ കൊടുക്കുക. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ മനപൂർവം ഒഴിവാക്കി സ്ഥാനാർത്ഥിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ മാത്രമാകുന്നതിലേക്കാണു കാര്യങ്ങൾ നീക്കുന്നത്. സർക്കാർ വിരുദ്ധവികാരം പരമാവധി ഒഴിവാക്കാനാണ് ഇത്തരം ചർച്ചകൾ ഒഴിവാക്കുന്നത്.യു.ഡി.എഫാകട്ടെ, സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങൾക്കു മൂർച്ചകൂട്ടുകയാണ്. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ ഒന്നുകൂടി വോട്ടർമാരിലേക്ക് എത്തിക്കാനാണ് എൻ.ഡി.എ ക്യാമ്പിന്റെ ശ്രമം. ഇനി പത്തു ദിവസം പിന്നിടുമ്പോൾ വോട്ടർമാർ ബൂത്തിലേക്കു നീങ്ങുന്നതുവരെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് മുന്നണി നേതൃത്വം ജില്ലാ ഘടകങ്ങൾക്കു നിർദേശം നൽകി കഴിഞ്ഞു.

ആത്മവിശ്വാസത്തോടെ എൽ.ഡി.എഫ്

രണ്ടു വട്ടം പൊതുപര്യടനം പൂർത്തിയാക്കിയതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് എൽ.ഡി.എഫ് ക്യാമ്പും സ്ഥാനാർഥി എം.വി.ജയരാജനും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം പ്രധാന ഇടങ്ങളിലെല്ലാം കുറഞ്ഞതു മൂന്നു തവണയെങ്കിലും സ്ഥാനാർത്ഥി എത്തിക്കഴിഞ്ഞു.

ദേശീയ നേതാക്കളെ രംഗത്തിറക്കി യു.ഡി.എഫ്

വരും ദിവസങ്ങളിൽ രാഹുൽഗാന്ധി അടക്കമുള്ള പ്രധാന നേതാക്കളെ എത്തിച്ച് സംഘടിപ്പിക്കുന്ന റോഡ് ഷോകളിലെ ഓളം താഴേ തട്ടിൽ എത്തിച്ചു വലിയ വിജയം ഉറപ്പാക്കാൻ എല്ലാം മറന്നു പോരാടുകയാണു യു.ഡി.എഫ്. മറ്റു മുന്നണികളെ അപേക്ഷിച്ച് വൈകിയാണു രംഗത്തിറങ്ങിയതെങ്കിലും അതിവേഗം വോട്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസം മുന്നണിയ്ക്കുന്നുണ്ട്.

മുന്നേറ്റം പ്രതീക്ഷിച്ച് എൻ.ഡി.എ.

മേൽത്തട്ടിലും താഴേത്തട്ടിലും ശക്തമായ പ്രചാരണമാണ് എൻ.ഡി.എ കാഴ്ചവയ്ക്കുന്നത്. പുത്തൻ പ്രചാരണ രീതികളിലൂടെ അതിവേഗം വോട്ടർമാരുടെ മനസിൽ ഇടംപിടിയ്ക്കാനായെന്ന് എൻ.ഡി.എ ക്യാമ്പും സ്ഥാനാർഥി സി.രഘുനാഥും കരുതുന്നു.