
കണ്ണൂർ: മോദി സർക്കാർ കള്ളമ്മാരെയും തട്ടിപ്പുകാരെയും വെളുപ്പിക്കുന്ന അലക്കുയന്ത്രമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇഡി, ഇൻകംടാക്സ്, സി.ബി.ഐ എന്നീ വാഷിംഗ് പൗഡറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മെഷീനിൻ കയറി പുറത്തിറങ്ങുന്നവർ പരിശുദ്ധരായി മാറും. മെഷീനിൽ കയറാനുള്ളവരുടെ നീണ്ട ക്യൂവിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസാണെന്നും ബൃന്ദ പറഞ്ഞു.
അഴീക്കോട് നിയോജക മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പു റാലി പുതിയതെരു ഹൈവേ ജംഗ്ഷനിൽ ഉദ്ഘാനം ചെയ്യുകയായിരുന്നു ബൃന്ദ.ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം ചരിത്രത്തില്ലാത്ത വിധം പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയത്. ബാഹ്യശക്തികളല്ല, ഭരണസംവിധാനമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബിജെപി പ്രകടനപത്രികയിൽ ഭരണഘടനയെന്ന വാക്കില്ല. പകരം എല്ലായിടത്തും മോദിയെന്നു മാത്രം. വിലക്കയറ്റവും തൊഴിലില്ലായ്മയുമായാണ് കഴിഞ്ഞ വർഷങ്ങളിൽ മോദിയുടെ ഗ്യാരണ്ടിയായി ജനങ്ങൾക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പിന്റെ മറവിൽ നടക്കുന്ന കോടികളുടെ ഇടപാടാണ് ഇലക്ടറൽ ബോണ്ട് കണക്കുകളിലൂടെ പുറത്തുവന്നത്.
ബി.ജെ.പിയോട് പൊരുതുമെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് പാർട്ടിയുടെ പേര് ആശയക്കുഴപ്പം പാർട്ടിയെന്നാക്കേണ്ട കാലമായി. ജനങ്ങൾ നേരിടുന്ന ഒരു പ്രശ്നങ്ങളിലും അവർക്ക് നിലപാടില്ല. അവകാശം നിഷേധിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കേരളം നടത്തിയ സമരത്തിൽ തമിഴ്നാടും ഡൽഹിയും പഞ്ചാബും ഝാർഖണ്ഡും പിന്തുണയുമായെത്തിയപ്പോഴും യു.ഡി.എഫ് എം.പിമാർ വിട്ടുനിന്നു. പ്രകടനപത്രികയിൽ അഞ്ച് ഉറപ്പുകൾ നൽകുന്ന കോൺഗ്രസിന് നേതാക്കളും പ്രവർത്തകരും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ഉറപ്പുനൽകാനാവില്ലെന്നും ബൃന്ദ പറഞ്ഞു.
കെ.വി.സുമേഷ് എം.എൽ.എ, മുൻ എം.പി: പി.കെ.ശ്രീമതി, എൻ.സുകന്യ എന്നിവർ സംസാരിച്ചു.