
ചെറുവത്തൂർ: പഴമയുടെ മധുരം നുകരുമ്പോഴും മലയാള കവിതയ്ക്ക് ആധുനികതയുടെ വസന്തം വിരിയിച്ച കവി ശ്രേഷ്ഠനാണ് മഹാകവി കുട്ടമത്ത് എന്ന് പ്രശസ്ത കവി ദിവാകരൻ വിഷ്ണുമംഗലം അഭിപ്രായപ്പെട്ടു.മഹാകവി കുട്ടമത്ത് അവാർഡ് കവി പവിത്രൻ തീക്കുനിക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതിനായിരം രൂപ ക്യാഷ് അവാർഡും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്. ചടങ്ങിൽ മഹാകവി കുട്ടമത്ത് സ്മാരക സമിതി പ്രസിഡന്റ് സജീവൻ കുട്ടമത്ത് അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ജയൻ രാജ , വി.ചന്ദ്രൻ , രാജേന്ദ്രൻ പയ്യാടക്കത്ത്, സ്മിതാ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തളിയിൽ ഉണ്ണികൃഷ്ണൻ സ്വാഗതവും പി.ശശിധരൻ നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം രചന ശതാബ്ദി ആഘോഷിക്കുന്ന മഹാകവി കുട്ടമത്തിന്റെ ബാലഗോപാലൻ സംഗീത നാടകം അരങ്ങേറി. .