
കാഞ്ഞങ്ങാട്: അടമ്പിൽ അഴീക്കോടൻ ക്ലബ്ബ് പരിസരം സമയം രാവിലെ 11.30. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ അമ്പതോളം പേർ. സി പി.ഐ നേതാവ് കരുണാകരൻ കുന്നത്ത് പ്രസംഗിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഭരണ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രസംഗം. ഇനിയൊരു തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുമോ എന്ന ആശങ്ക. ഇടതുമുന്നണി ലോകസഭാ സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണന്റെ ആറാമത്തെ സ്വീകരണ കേന്ദ്രം.സി പി.എമ്മിന് സ്വാധീനമുള്ള മേഖലയായത് കൊണ്ട് തന്നെ കത്തുന്ന ചൂടിനെ കൂസാതെ ആളുകൾ യോഗത്തിനെത്തി. അരമണിക്കൂർ നീണ്ട കുന്നത്തിന്റെ പ്രസംഗത്തിൽ ഏറിയ ഭാഗവും കേന്ദ്രസർക്കാരിനെ വിമർശിക്കാനായിരുന്നു.
സാമ്പത്തികമായി സംസ്ഥാന സർക്കാരിനെ മുറുക്കാനുള്ള നിലപാടിനെതിരെ ഒരക്ഷരം പോലും മിണ്ടാൻ യു.ഡി.എഫ് എം. പിമാർ തയ്യാറായിട്ടില്ലെന്നും വികസന പരമായി കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഒന്നും ചെയ്തിട്ടില്ലെന്നും കുന്നത്ത് പറഞ്ഞു. അദ്ദേഹത്തിന് ശേഷം സംസാരിച്ച രാഘവൻ കൂലേരി സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചാണ് ഏറെയും സംസാരിച്ചത്. നാമമാത്രമായ വിഹിതം പോലും യഥാസമയം നൽകാതെ കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കൂലേരി പറഞ്ഞു. ക്ഷേമ പെൻഷൻ കിട്ടുന്ന കോൺഗ്രസുകാർ പോലും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുമെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഘവൻ കൂലേരിയുടെ പ്രസംഗം കഴിയുന്നതിനിടയിൽ എം.എൽ.എ ഇ.ചന്ദ്രശേഖരനും സി പി.ഐ നേതാക്കളായ കെ.വി.കൃഷ്ണനും അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിലുമെത്തി. തൊട്ടുപിറകെ വന്ന സ്ഥാനാർത്ഥിയെ ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. സ്വീകരണത്തിന് നന്ദി പറയവേ കഴിഞ്ഞ 51 ദിവസമായി താൻ മണ്ഡലത്തിലുടനീളം സഞ്ചരിക്കുകയാണെന്ന് സ്ഥാനാർത്ഥി പറഞ്ഞു.
രാജ്യത്തിന്റെ മതേതരത്വം നിലനിർത്താനും ഭരണഘടണ മൂല്യങ്ങൾ നിലനിർത്താനും മതനിരപേക്ഷതയ്ക്കും വേണ്ടി പ്രവർത്തിക്കും എന്നാണ് താൻ അവരോട് പറഞ്ഞത്. വിദ്യാർത്ഥികൾ അതേറെ ഉൾക്കൊള്ളുകയും ചെയ്തുവെന്നാണ് താൻ കരുതുന്നത്. ഇന്നലെ രാവിലെ രാവണേശ്വരം തണ്ണോട്ട് നിന്നാണ് കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്വീകരണം തുടങ്ങിയത്. വേലാശ്വരം, മഡിയൻ, കാറ്റാടി കൊവ്വൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് സ്ഥാനാർത്ഥി 12 മണിയോടെ അടമ്പിലെത്തിയത്. ഇവിടെ നിന്നും കുശാൽനഗറിലും പിന്നീട് കൊവ്വൽപള്ളിയിലുമായിരുന്നു സ്വീകരണം. നിശ്ചിത കേന്ദ്രങ്ങളിൽ ഒന്നും ഒന്നര മണിക്കൂറും വൈകിയാണ് സ്ഥാനാർത്ഥി എത്തുന്നത്. ശിവജി വെള്ളിക്കോത്ത് ,ആർ.ജെ.ഡി നേതാവ് കൃഷ്ണൻ പനങ്കാവ് എന്നിവർ സംബന്ധിച്ചു.