പേരാവൂർ: പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ അതിന്റെ ആസ്തി ബാദ്ധ്യതകളോടുകൂടി ഏറ്റെടുക്കുന്ന നടപടി ക്രമങ്ങൾ പൂർത്തിയാക്കി തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്. സഹകരണ വകുപ്പിന്റെ അനുമതിയോടെ ഇന്ന് രാവിലെ 10 മണിക്ക് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് പൂളക്കുറ്റിയിൽ പ്രവർത്തനം ആരംഭിക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളത് കാരണം ഉദ്ഘാടനവും മറ്റ് ആഘോഷങ്ങളും ഇല്ലാതെയാണ് പുതിയ ബ്രാഞ്ചിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സഹകരണ വകുപ്പിന് കീഴിൽ ഒരു സഹകരണ സംഘത്തെ മറ്റൊരു സഹകരണ സംഘത്തിന് ഏറ്റെടുക്കാൻ വ്യവസ്ഥകൾ ഉണ്ട്. എങ്കിലും നഷ്ടത്തിലായി പൂട്ടാനിരിക്കുന്ന ഒരു സഹകരണ ബാങ്ക് മറ്റൊരു സഹകരണ ബാങ്ക് ഏറ്റെടുക്കുക എന്നത് അത്യപൂർവ നടപടിയാണ്. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഇത്തരമൊരു ഏറ്റെടുക്കൽ നടപടി കേരളത്തിൽ നടന്നിട്ടില്ലെന്ന് പറയുന്നു.
ഈ ഒരു അവസരത്തിലാണ് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് നഷ്ടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ ഏറ്റെടുക്കുക എന്നുള്ള നടപടികൾ ഏറ്റവും വാർത്താ പ്രാധാന്യമർഹിക്കുന്നത്.
3.5 കോടിയുടെ ബാദ്ധ്യത
2023ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ആറുകോടിയുടെ അടുത്ത് നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് ആണ് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക്. കേരള ബാങ്കിന് കിട്ടാനുള്ള പലിശ അവരും ബാങ്കിലെ നിക്ഷേപകർക്ക് കിട്ടാനുള്ള പലിശ അവരും ഒഴിവാക്കാൻ സമ്മതിച്ചതിന്റെ ഭാഗമായി ഏകദേശം മൂന്ന് കോടി അൻപത് ലക്ഷം രൂപയിൽ പരം രൂപയുടെ നഷ്ടമാണ് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് ഏറ്റെടുക്കുന്നത് മൂലം തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന് ഉണ്ടാകുന്നത്.
മെമ്പർമാർക്ക് തുടരാം,
നിക്ഷേപം പിൻവലിക്കാം
പൂളക്കുറ്റി സഹകരണ ബാങ്ക് മെമ്പർമാർക്ക് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിലെ മെമ്പർമാർ ആകാൻ തുടർന്നും അവസരമുണ്ട്. കൂടാതെ അവിടുത്തെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപം പുനർ നിക്ഷേപിക്കുവാനോ ഡെപ്പോസിറ്റ് പിൻവലിക്കാനോ ഉള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.