കണ്ണൂർ: ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കലിലൂടെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി ആദ്യദിനം 1308 പേർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കാരുടെയും 85 വയസ്സ് കഴിഞ്ഞവരുടെയുമാണ് വോട്ട് രേഖപ്പെടുത്തുന്നത്.
ആദ്യദിനം 85 വയസ് കഴിഞ്ഞ 1008 പേരും 300 ഭിന്നശേഷിക്കാരുമാണ് പോസ്റ്റൽ വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ ഇന്നലെ തന്നെ ഉപവരണാധികാരിക്ക് കൈമാറി സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. ഇന്നലെ രാവിലെ അതാത് നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിൽ നിന്ന് പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരിയിൽ നിന്നു സ്വീകരിച്ചാണ് അർഹരായവരുടെ വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കലിന് തുടക്കമായത്. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10960 പേരാണ് പോസ്റ്റൽ ബാലറ്റിന് അർഹരായിട്ടുള്ളത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലായി 149 ടീമുകളായാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. ഒരു ടീമിൽ രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ, പോലീസ്, സൂക്ഷ്മ നിരീക്ഷകൻ എന്നിവരുണ്ട്. കൂടാതെ സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും ഇവർക്കൊപ്പം പോകാം.