
കണ്ണൂർ:എൽ.ഡി.എഫിന്റെ വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.കെ.ശൈലജയ്‌ക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന അശ്ളീല പരാമർശങ്ങളടങ്ങിയ സൈബർ ആക്രമണത്തിനെതിരെ കടുത്ത പ്രതിഷേധവും പ്രതിരോധവുമുയർത്തി സി പി.എം. സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ അതിശക്തമായ ഭാഷയിൽ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷനും ശൈലജയ്ക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതിഷേധമുയർത്തി.
കോൺഗ്രസ് നേതൃത്വത്തിന്റെ മൗനം പ്രതിഷേധാർഹം:പി.കെ.ശ്രീമതി
സംസ്‌കാരശൂന്യമായ സൈബർ ആക്രമണത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ മൗനം പ്രതിഷേധാർഹമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അശ്ലീലം നിറഞ്ഞ നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ചാണ് സ്ഥാനാർത്ഥിയായ വനിതയെ അധിക്ഷേപിക്കുന്നത്.ഇത് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമാണ്.
എല്ലാതരം അതിർവരമ്പുകളും ഭേദിച്ചുള്ള ഇത്തരം പ്രചരണം അറിയില്ലെന്ന് പറയുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നിലപാട് കുറ്റകരമാണ്. അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുകയാണ് അദ്ദേഹം. ഒരു സ്ത്രീക്കെതിരെയും ഇത്തരത്തിലുള്ള പദപ്രയോഗംഅംഗീകരിക്കാനാകില്ല.വടകര മണ്ഡലത്തിൽ കെ.കെ.ശൈലജ പ്രചരണത്തിൽ മുന്നിലാണ്. വടകര എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന ഉറപ്പുണ്ട്. ഇതാണ് കോൺഗ്രസ് നേതൃത്വത്തെ വിറളിപിടിപ്പിക്കുന്നതെന്നും ശ്രീമതി പറഞ്ഞു.
സംസ്ഥാന വ്യാപക പ്രതിഷേധമെന്ന് മഹിളാ അസോസിയേഷൻ
കെ.കെ.ശൈലജയ്ക്കെതിരായ നീചമായ സൈബർ ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയർത്തുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രഖ്യാപിച്ചു. സൈബർ ആക്രമണത്തിൽ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞു മാറിനിൽക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മൗനവും ഇവർക്ക് പരസ്യപിന്തുണ നൽകുന്നതാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി..