
കാസർകോട്: വേലാശ്വരത്തെ കുട്ടിക്കൂട്ടത്തിന്റെ ബാൻഡ് സംഘത്തിന് ഇപ്പോൾ വൻ ഡിമാൻഡാണ്. തിരഞ്ഞെടുപ്പിൽ കുട്ടിക്കൂട്ടത്തിന് കാര്യമൊന്നുമില്ലെങ്കിലും പ്രദേശത്ത് സ്ഥാനാർത്ഥികളുടെ സ്വീകരണചടങ്ങുകൾ കൊഴുപ്പിക്കാൻ ഇവരുടെ സജീവസാന്നിദ്ധ്യമുണ്ട്.
വെള്ളിക്കോത്ത് പി. സ്മാരക ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളായ കെ.പി.ആദിത്യൻ, ടി.അനയ് നാഥ്, പി.വിഷ്ണു, ആദിഷ് അജയൻ, ബി.ആദിത്യൻ, വി.വിഷ്ണു, സൂര്യദേവ് എന്നിവരാണ് സംഘത്തിലുള്ളത്.അവധിക്കാലം എന്തുചെയ്യണമെന്ന ആലോചനയിലാണ് കുട്ടിക്കൂട്ടത്തിന്റെ ബാൻഡ് സംഘത്തിന്റെ പിറവി. വേലാശ്വരം വിശ്വഭാരതിയുടെ സഹായം കൂടിയായപ്പോൾ ബാൻഡ് സംഘം യാഥാർത്ഥ്യമായി. എല്ലാവരും പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവരാണ്. രജ്ഞിത്ത്, നിഥിൻ എന്നിവരാണ് പഠിപ്പിച്ചത്.
എൽ.ഡി.എഫ് കാസർകോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന്റെ സ്വീകരണ പരിപാടിയിലാണ് സംഘം ഇപ്പോൾ കൊട്ടിക്കയറുന്നത്. നാല് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ബാൻഡ് സംഘം സി.പി. എമ്മിന്റെയും എൽ.ഡി.എഫിന്റെയും പരിപാടികളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമായിട്ടുണ്ട്.