
ലീഡേഴ്സ് വോയ്സ്
പയ്യന്നൂർ : ഇന്ത്യ നില നിൽക്കണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട നിർണ്ണായക തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർത്ഥി
രാജ് മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കവ്വായിയിൽ സംഘടിപ്പിച്ച കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഏക സിവിൽ കോഡും പൗരത്വ നിയമവും പറഞ്ഞ് മോദിയും ബി.ജെ.പി.യും ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. മോദിയുടെ ഗ്യാരന്റിക്ക് കീറ ചാക്കിന്റെ വില പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം മൂലം കേന്ദ്ര ഏജൻസികളെ വിട്ട് എതിരാളികളെ ഭീഷണിപ്പെടുത്തി ജനാധിപത്യത്തെ കുഴിച്ചുമൂടാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്.ദേശീയ തലത്തിൽ അണ്ണനാണ് ഭരിക്കുന്നതെങ്കിൽ സംസ്ഥാനത്ത് തമ്പിയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.മോദിയെ താഴെ ഇറക്കുമെന്ന വീര വാദമാണ് സി.പി.എമ്മും നേതാക്കളും നടത്തുന്നത്. 542 അംഗ പാർലിമെന്റിൽ വെറും ഇരുപത് സീറ്റിൽ മത്സരിക്കുന്ന സി.പി.എം. എങ്ങനെയാണ് മോദിയെ താഴെ ഇറക്കുകയെന്നു അദ്ദേഹം ചോദിച്ചു. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അന്തർധാരയല്ല പരസ്യമായ ബാന്ധവം തന്നെയാണെന്ന് ഓരോ ദിവസം കഴിയുന്തോറും തെളിഞ്ഞു വരികയാണ്. കോൺഗ്രസ് മോദിയെ താഴെ ഇറക്കാൻ മത്സരിക്കുമ്പോൾ സി.പി.എം. മത്സരിക്കുന്നത് അവരുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാനും ചിഹ്നം നിലനിർത്താനുമാണെന്നും വി.ഡി.സതീശൻ പറഞ്ഞു. സി.എച്ച്.അബ്ദുൾ റഹ് മാൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സഹദുള്ള, എം.പി.ഉണ്ണികൃഷ്ണൻ, എസ്.എ.ഷുക്കൂർ ഹാജി, കെ.ജയരാജ്, ബി.സജിത് ലാൽ, വി.പി.സുഭാഷ്, കെ.വി.കൃഷ്ണൻ തുടുങ്ങിയവർ പ്രസംഗിച്ചു.