പയ്യന്നൂർ: കുഞ്ഞിമംഗലം സി.പി.എം. താമരംകുളങ്ങര ബ്രാഞ്ച് ഓഫീസായ സുബ്രഹ്മണ്യ ഷേണായി സ്മാരക മന്ദിരത്തിന് നേരെ അക്രമം. കെട്ടിടത്തിനകത്തുള്ള ഫർണ്ണിച്ചറുകളും കസേരകളും അടിച്ചു തകർത്തു. കൊടികൾക്ക് പുറമെ താമരംകുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സി.പി.എം. പ്രചാരണ ബോർഡുകളും മറ്റും നശിപ്പിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ച കാസർകോട് ലോക്സഭ മണ്‌ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണന്റെ നിരവധി പ്രചാരണ ബോർഡുകളും പോസ്റ്ററുകളും നശിപ്പിപ്പിക്കപ്പെട്ടിട്ടു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അക്രമം നടന്ന എടാട്ട് താമരംകുളംങ്ങര സുബ്രഹ്മണ്യ ക്ഷേണായി സ്മാരക മന്ദിരം നേതാക്കൾ സന്ദർശിച്ചു.
കുഞ്ഞിമംഗലം താമരകുളങ്ങര ബ്രാഞ്ച് ഓഫീസ് പ്രവർത്തിക്കുന്ന സുബ്രഹ്മണ്യ ഷേണായി സ്മാരക മന്ദിരത്തിനും ഏഴിലോടും നടന്ന അക്രമത്തിലും പാർട്ടി കൊടികളും എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണന്റെ പ്രചാരണ ബോർഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചതിലും സി.പി.എം. മാടായി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. കുഞ്ഞിമംഗലത്തും പരിസരത്തും കുറേ നാളുകളായി സാമൂഹ്യ രാഷ്ട്രീയ സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം ചിലകേന്ദ്രങ്ങളിൽ നിന്നും നിരന്തരം ഉണ്ടാവുന്നുണ്ടെന്നും ഇത്തരം പ്രകോപനങ്ങളിൽ പെട്ടുപോകരുതെന്നും പാർട്ടി എല്ലാവരോടും അഭ്യർത്ഥിച്ചു.
അക്രമം നടന്ന ഓഫീസ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, ജില്ല ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷ്, എം.വിജിൻ എം.എൽ.എ, ജില്ല കമ്മിറ്റി അംഗം കെ.പത്മനാഭൻ, ഏരിയ സെക്രട്ടറി വി.വിനോദ്, ഒ.വി.നാരായണൻ, പി.പി.ദാമോദരൻ തുടങ്ങിയവർ സന്ദർശിച്ചു.
നാടിന്റെ സമാധാനന്തരീക്ഷം തകർക്കാനുള്ള ചില ദുഷ്ടശക്തികളുടെ ആസൂത്രിത ശ്രമമാണ് അക്രമത്തിന് പിന്നിൽ. ഇരുട്ടിന്റെ മറവിൽ അഴിഞ്ഞാടിയ അക്രമികളെ ഉടൻ പിടികൂടാനും ശക്തമായ നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറാകണം.
സി.പി.എം. ജില്ലാ ആക്ടിംഗ് സെക്രട്ടറി
ടി.വി.രാജേഷ്