
കണ്ണൂര്‍: നമ്മുടെ രാജ്യം വളരെ അപകടരമായ സാഹചര്യത്തിലാണ് എത്തിനിൽക്കുന്നതെന്നും മതേതര, ജനാധിപത്യ ഇന്ത്യ നിലനിൽക്കണമോയെന്നത് ലോകസഭാ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു . കണ്ണൂരിൽ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെയും ബി.ജെ.പിയുടെയും ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചാൽ മാത്രമെ മതേതരത്വവും ജനാധിപത്യവും ഇവിടെ സംരക്ഷിക്കപ്പെടുകയുള്ളു. ഇ.ഡി, സി.ബി.ഐ തുടങ്ങിയവയെല്ലാം മോദി സർക്കാർ തങ്ങളുടെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റിയിരിക്കുകയാണ്. മോദിയുടെ എല്ലാ ഗ്യാരന്റികളും ഇതുവരെ സീറോ ഗ്യാരന്റിയാണ്. വരുംനാളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായി മാറും എന്നതാണ് മോദി പറയുന്ന ഏറ്റവും പുതിയ ഗ്യാരന്റി. പക്ഷെ കണക്കുകൾ പരിശോധിച്ചാൽ 2027 ആകുന്നതോടെ മോദിക്ക് പകരം ആര് ഭരിച്ചാലും ഇന്ത്യ ആ പദവി കൈവരിക്കും. പക്ഷെ ഇതൊക്കെ ബി.ജെ.പി ഭരണത്തിന്റെ ഫലമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
ഇലക്ടറൽ ബോണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചാൽ ഇ.ഡി അന്വേഷണമില്ല
ഇലക്ട്രൽ ബോണ്ട് വഴി കോടികളാണ് ബി. ജെ .പിയുടെ അക്കൗണ്ടിൽ വന്നിരിക്കുന്നത്. ഏതൊക്കെ ധാരണയ്ക്ക് പുറത്താണ് ബി.ജെ.പി ഇലക്ട്രൽ ബോണ്ട് സ്വീകരിച്ചതെന്ന് മനസിലാക്കണം. ഭീഷണിപ്പെടുത്തിയും പണം തന്നാൽ അധികാരം ഉപയോഗിച്ച് തിരിച്ച് സഹായം ചെയ്യാമെന്ന ധാരണയിലും പിന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയായുമാണ് ഇലക്ട്രൽ ബോണ്ട് ബി.ജെ.പി ഉപയോഗിച്ചത്. നഷ്ടത്തിലുള്ള കമ്പനികൾക്ക് ഇലക്ട്രൽ ബോണ്ട് വാങ്ങാൻ എവിടെ നിന്നാണ് പണം. ഇലക്ട്രൽ ബോണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചവർക്കെതിരെ ഇ.ഡി .അന്വേഷണമില്ല. ഇലക്ട്രൽ ബോണ്ട് അഴിമതിയിൽ സമഗ്രമായ അന്വേഷണം വേണമെന്നും യെച്ചൂരി പറഞ്ഞു.