
മാഹി: ആദ്യഘട്ട പ്രചാരണം നടക്കുന്ന മാഹി ഉൾപ്പെട്ട പുതുച്ചേരിയിൽ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കും.പ്രചാരണസമാപനത്തിൽ മുന്നണികൾക്ക് നൂറുപേരെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്താനാണ് അനുമതി നൽകിയിട്ടുള്ളത്. വനിതകൾ നിയന്ത്രിക്കുന്ന 31 പോളിംഗ് ബൂത്തുകളാണ് മാഹിയിൽ ഉള്ളത്.
19നാണ് പുതുച്ചേരിയിൽ പോളിംഗ്.85 വയസ്സു കഴിഞ്ഞവരുടെയും അംഗ പരിമിതരുടേതുമായ 268 വോട്ടുകൾ ഉദ്യോഗസ്ഥർ വീടുകളിൽ എത്തി രേഖപ്പെടുത്തിക്കഴിഞ്ഞു. വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന പോളിംഗ് ബൂത്തുകളിൽ ഒന്നിൽ 28 വയസിൽ കുറഞ്ഞവരാണ് ഡ്യൂട്ടിയിലുണ്ടാകുക.വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും. ബി.ജെ.പി,കോൺഗ്രസ് ,എ.ഐ.ഡി.എം.കെ എന്നീ പ്രമുഖ പാർട്ടികളുടെ സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.
സീറ്റ് പോയിട്ടും എൻ.ആർ കോൺഗ്രസിന് ആവേശം
എ.ഐ.ഡി.എം.കെക്ക് പഴയ പ്രതാപമില്ലാത്തതിനാൽ പുതുച്ചേരിയിൽ ത്രികോണ മൽസരച്ചൂടില്ല.പുതുച്ചേരിയിലെ പ്രമുഖ പാർട്ടികളിലൊന്നായ എൻ.ആർ കോൺഗ്രസിന്റെ സീറ്റ് ഇത്തവണ ബി.ജെ.പി പിടിച്ചുവാങ്ങുകയായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായ നമശിവായം ബി.ജെ.പി സ്ഥാനാർത്ഥിയായെത്തിയതോടെ കാര്യങ്ങൾ മാറുകയായിരുന്നു.
മുഖ്യമന്ത്രി പദത്തിൽ കണ്ണും നട്ടിരുന്ന നമശിവായം ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥിത്വത്തിൽ താൽപര്യം കാട്ടിയിരുന്നില്ല. പിന്നീട് കേന്ദ്രമന്ത്രി പദവിയടക്കം വാഗ്ദാനം ചെയ്ത് ,നമശിവായത്തെ നേതൃത്വം അനുനയിപ്പിപ്പിച്ചു.നമശിവായത്തെ ജയിപ്പിച്ച് തന്റെ മുഖ്യമന്ത്രി പദവി നിലനിർത്താൻ എൻ.രംഗസാമി നേരിട്ട് പ്രചരണം ഏറ്റെടുത്തതോടെ പുതുച്ചേരിയിൽ എൻ.ഡി.എ കോൺഗ്രസ് മത്സരം കടുക്കുകയായിരുന്നു. എ.ഐ.ഡി.എം.കെയുടെ മുന്നണിയിൽ നിന്നുള്ള പിൻമാറ്റവും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്.മൂന്ന് പതിറ്റാണ്ട് എം.എൽഎയും മുഖ്യമന്ത്രിയായും സ്പീക്കറുമൊക്കെയായ സിറ്റിംഗ് എം.പി വി.വൈദ്യലിംഗമാണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി.സഖ്യകക്ഷിയായ ഡി.എം.കെ തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും മകൻ ഉദയനിധി സ്റ്റാലിനെയും രംഗത്തിറക്കി കൊണ്ടുപിടിച്ച പ്രചാരണമാണ് വൈദ്യലിംഗത്തിനായി നടത്തിയത്. കേരളത്തിലെ പാർട്ടിയുടെ ഭാഗമായ മാഹി സി പി.എം കോൺഗ്രസിനെ പിന്തുണക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നാണ് മാഹി സി പി.എം നേരത്തെ അറിയിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടാണ് മാഹിയിൽ സി പി.എം സ്വതന്ത്രൻ നേടിയിരുന്നത്.