തലശ്ശേരി: ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ സമരം നടത്തിവരുന്ന ഗോപാൽ പേട്ട കൊക്കപ്പുറത്തെ നൗഷാദ് -സാഹിറ ദമ്പതികളുടെ വിഷയത്തിൽ പൊലീസ് കേസെടുത്തു. നൗഷാദിന്റെ പരാതിയിൽ സി.ആർ.പി.സി. 174 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് തലശ്ശേരി പൊലീസ് ഇന്നലെ കേസെടുത്തത്.

പിറവിയിലേ മരണപ്പെട്ട കുഞ്ഞിന്റെ ദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനാണ് തീരുമാനം. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിദ്ധ്യത്തിൽ പൊലീസ് സർജനെ എത്തിച്ച് പോസ്റ്റ് മോർട്ടം നടത്തും. സൈദാർ പള്ളി ഖബർസ്ഥാനിലാണ് ഇക്കഴിഞ്ഞ മാർച്ച് 21ന് കുഞ്ഞുശരീരം അടക്കം ചെയ്തിരുന്നത്.

2014 ലാണ് നൗഷാദും സാഹിറയും വിവാഹിതരായത്. പത്ത് വർഷത്തെ പ്രതീക്ഷകൾക്കൊടുവിൽ ഗർഭിണിയായ സാഹിറ മിഷൻ ആശുപത്രിയിലെ ഡോക്ടർ വേണുഗോപാലിന്റെ ചികിത്സയിലായിരുന്നു. പ്രസവത്തിനായി ഇക്കഴിഞ്ഞ മാർച്ച് 18ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാം സാധാരണപോലെയെന്ന് ആദ്യം പറഞ്ഞ ഡോക്ടർ പിന്നീട് മാറ്റി പറഞ്ഞെന്നാണ് ആക്ഷേപം. തുടർന്ന് നടത്തിയ സ്കാനിംഗ് റിപ്പോർട്ട് പ്രകാരം പ്രത്യേക മരുന്ന് കുത്തിവച്ചു. ഇതിൽ പിന്നീടാണ് ഒന്നിലേറെ കാരണങ്ങൾ വെളിപ്പെടുത്തി കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിച്ചുവെന്ന് ദമ്പതികളെ അറിയിച്ചത്. ചികിത്സിച്ച ഡോക്ടർമാരുടെ പിഴവ് കാരണമാണ് കുഞ്ഞ് ഗർഭപാത്രത്തിൽ മരിക്കാനിടയായതെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്. ഡിസ്ചാർജ്ജ് ചെയ്തിട്ടും ആശുപത്രിയിൽ നിന്നും പോവാതെ കഴിഞ്ഞ ഒരു മാസമായി ഇരുവരും സമരം തുടരുകയായിരുന്നു.