
കണ്ണൂർ: മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ പോസ്റ്റൽ വോട്ടിംഗ് ക്രമീകരണം ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വിലയിരുത്തി. കണ്ണൂർ നിയോജക മണ്ഡലത്തിലെ മുൻസിപ്പൽ ഹയർസെക്കൻഡറി സ്‌കൂൾ, അഴീക്കോട് മണ്ഡലത്തിലെ പള്ളിക്കുന്ന് ഗവ.വനിത കോളേജ്, തളിപ്പറമ്പ് മണ്ഡലത്തിലെ ടാഗോർ വിദ്യാനികേതൻ എന്നിവിടങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലാണ് കളക്ടർ പരിശോധിച്ചത്. പോസ്റ്റൽ ബാലറ്റുകൾ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുന്ന പ്രവൃത്തിയാണ് ഇവിടെ നടന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇവ എണ്ണി തിട്ടപ്പെടുത്തി സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയത്. ഇന്ന് കമ്മീഷനിംഗ് നടത്താനിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച നിയമസഭ മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകൾ, ഇ.വി.എം കമ്മീഷനിംഗ് ഹാൾ എന്നിവയുടെ സുരക്ഷയും കളക്ടർ വിലയിരുത്തി.അസി.കളക്ടർ അനൂപ് ഗാർഗും ഒപ്പമുണ്ടായിരുന്നു.