
ലോകസഭ തിരഞ്ഞെടുപ്പിന് നാളുകൾ മാത്രം ബാക്കി നിൽക്കെ കണ്ണൂർ മണ്ഡലത്തിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്.ഇനിയുള്ള ഓരോ ദിനവും നിർണ്ണായകമാണെന്ന് സ്ഥാനാർത്ഥികൾ പറയുന്നു .തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ കണ്ണൂർ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജനുമായി കേരളകൗമുദി റിപ്പോർട്ടർ സുനിൽ മാങ്ങാട്ടിടം തയ്യാറാക്കിയ അഭിമുഖം
വോട്ടെടുപ്പ് അടുക്കാനിരിക്കെ വിജയസാദ്ധ്യത എത്രത്തോളമാണ് ?
എൽ.ഡി.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം വിജയിക്കും. 2019ലെ ജനഹിതമല്ല ഇപ്പോൾ മണ്ഡലത്തിൽ ഉടനീളം പ്രകടമാകുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, നിയമസഭ തിരഞ്ഞെടുപ്പ് ഇതിലെ ഭൂരിപക്ഷം എൽ.ഡി.എഫിന് അനുകൂലം .ജനഹിതം എൽ.ഡി.എഫിന് അനുകൂലമാണ്. കേന്ദ്രത്തിലെ സർക്കാരിനെതിരെ ഇടതുപക്ഷം സ്വീകരിച്ച ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനങ്ങൾ, നിലപാടുകൾ ഇതൊക്കെ അനുകൂല ഘടകമാണ്. കോൺഗ്രസിന് മൃദു ഹിന്ദുത്വ സമീപനമാണ് അതുകൊണ്ട് ഇവിടെ കോൺഗ്രസിന് ആരും വോട്ട് ചെയ്യില്ല.
ഈ തിരഞ്ഞെടുപ്പ് കേന്ദ്രഭരണത്തിന്റെ ഒരു വിലയിരുത്തൽ കൂടി ആവുമ്പോൾ?
കേന്ദ്ര ഭരണത്തിന്റെ ഏതെങ്കിലും പ്രവർത്തനം ഈ മണ്ഡലത്തിൽ ഉണ്ടോ ? കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ ഒന്നും ഇവിടെയില്ല , മാത്രമല്ല കണ്ണൂർ വിമാനത്താവളത്തിന്റെ വികസന പൂർണമായും തടസ്സപ്പെടുത്തിയത് കേന്ദ്രസർക്കാർ ആണ് . പോയന്റ് ഓഫ് കോൾ പദവി നൽകിയില്ല , കക്കാട് സ്പ്പിന്നിംഗ് മിൽ അടച്ചുപൂട്ടിയിട്ട് കാലങ്ങളായി, വെയർ ഹൗസ് ഗോഡൗൺ , കണ്ണൂർ റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വളരെ മോശം നിലയിലാണ്. ഇതിനൊന്നും സിറ്റിംഗ് എം.പി ഇടപെട്ടില്ല. കേന്ദ്രം ഒരു പദ്ധതിയും നൽകിയും ഇല്ല .
സംസ്ഥാന സർക്കാറിന്റെ ഭരണ വിലയിരുത്തൽ കൂടി ആവുമ്പോൾ അതെങ്ങനെ ബാധിക്കും?
സംസ്ഥാന സർക്കാരിനെ പറ്റി ജനങ്ങൾക്ക് നല്ല അഭിപ്രായമാണ് .വിഷുവിന് മുമ്പല്ലേ പെൻഷൻ കൊടുത്തത് വികസനവും ക്ഷേമ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സംസ്ഥാന സർക്കാറിന് നല്ല നിലയിൽ സാധിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് -ബി.ജെ.പി അന്തർധാര എന്ന പരാമർശത്തെക്കുറിച്ച്?
എൽ.ഡി.എഫ് -ബി.ജെ.പി അന്തർധാര ഒരിക്കലും ഉണ്ടാവില്ല ഇത് എല്ലാവർക്കും അറിയാം .ബി.ജെ.പിയുമായി അന്തർധാര ഉള്ളത് കോൺഗ്രസിനാണ് കണ്ണൂർ മണ്ഡലത്തിൽ കെ.പി.സി.സി പ്രസിഡന്റ് എല്ലാ കാലവും ബി.ജെ.പിയുമായി അന്തർധാര ഉണ്ടാക്കിയിട്ടുണ്ട് .അദ്ദേഹം സമരം കിടക്കുമ്പോൾ അദ്ദേഹത്തെ കാണാൻ വരുന്നത് ആർ.എസ്.എസ് നേതാവാണ് .അദ്ദേഹം ആർ.എസ്.എസിന്റെ ശാഖ കാവൽ കിടന്നത് അഭിമാനം കൊള്ളുന്ന ആളാണ്.ഒരുകാലത്ത് ആർ.എസ്.എസിനെ നിരോധിച്ച നെഹ്റുവിനെ എതിർത്ത വ്യക്തിയാണ് ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ്. മറ്റു നേതാക്കന്മാർ ഇടപെട്ട് പിന്നീട് തിരുത്തുകയല്ലേ ചെയ്തത് . ആർ.എസ്.എസിന്റെ വോട്ട് എൽ.ഡി.എഫിന് വേണ്ട എന്ന് നിലപാടിൽ തന്നെയാണ് ഉള്ളത്.
കേരളത്തിലെ 20 സീറ്റുകളിൽ എത്ര സീറ്റ് എൽ.ഡി.എഫിന് ലഭിക്കും?
ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് എന്തായാലും കൂടുതൽ സീറ്റുകൾ നേടും