ബദിയടുക്ക: ബദിയടുക്ക ചേടിക്കാനയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മുഹമ്മദ് ഷാഫിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഷാഫി കഴിഞ്ഞദിവസം രാത്രി വീട് പൂട്ടി കുടുംബസമേതം ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.

വീട്ടിനകത്ത് അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. 15 പവൻ സ്വർണം കൂടാതെ മറ്റെന്തൊക്കെ നഷ്ടപ്പെട്ടെന്ന് അറിയാൻ കൂടുതൽ പരിശോധനകൾ നടക്കുകയാണ്. പണം നഷ്ടമായില്ല. മുഹമ്മദ് ഷാഫിയുടെ വീട്ടിലെ സി.സി.ടി.വി കാമറ പി.വി.സി പൈപ്പ് ഉപയോഗിച്ച് മറച്ച ശേഷമാണ് മോഷണം നടത്തിയത്. എന്നിട്ടുപോലും മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ബദിയടുക്ക പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

രണ്ട് വീടുകളിൽ കവർച്ചാ ശ്രമം

മുഹമ്മദ് ഷാഫിയുടെ ബന്ധുവായ മുഹമ്മദ് കലന്തർ, അബ്ദുൾഖാദർ എന്നിവരുടെ വീടുകളിൽ ഇന്നലെ രാത്രി കവർച്ചാശ്രമം നടന്നു. രണ്ട് കുടുംബങ്ങളും ഗൾഫിലായതിനാൽ ഇവരുടെ വീടുകൾ പൂട്ടിയിട്ട നിലയിലാണ്. എന്നാൽ ഈ വീടുകളിൽ സ്വർണ്ണമോ പണമോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ ഇല്ലാതിരുന്നതിനാൽ മോഷണശ്രമം പരാജയപ്പെടുകയായിരുന്നു. മുഹമ്മദ് ഷാഫി, മുഹമ്മദ് കലന്തർ, അബ്ദുൾഖാദർ എന്നിവരുടെ വീടുകൾ ഒരേ കോമ്പൗണ്ടിലാണ്.