1

കാസർകോട്: ഇടതുപിന്തുണയോടെ ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് ര​മേശ് ചെന്നിത്തല. കാസർകോട് പ്രസ് ക്ലബിന്റെ ‘ജനസഭ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തെ പോലെ മോദി തരംഗം ഇപ്രാവശ്യം എവിടെയുമില്ല. ഇന്ത്യയിൽ ഇന്ന് ഏറ്റവും വലിയ ആവശ്യം മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക എന്നിവയാണ്. ഈ ആവശ്യത്തിലൂന്നിയാണ് ഇന്ത്യ സഖ്യം രൂപവത്കരിച്ചിട്ടുള്ളത്.

മോദി ഇനി ഒരിക്കൽക്കൂടി അധികാരത്തിൽ വന്നാൽ തിരഞ്ഞെടു​പ്പേ ഉണ്ടാകില്ല. അതിന് എല്ലാവരും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയെ അധികാരത്തിലെത്തിക്കണം. കേരളത്തിൽ ബി.ജെ.പിയെ പറ്റിയും മോദിയെ പറ്റിയും ഒന്നും പറയാത്ത പിണറായി രാഹുൽ ഗാന്ധിയെ വിമർശിച്ചു നടക്കുന്നതാണ് കാണുന്നത്. തന്റെ ഭരണനേട്ടങ്ങളൊന്നും അദ്ദേഹം എവിടെയും പറയുന്നത് കേട്ടില്ല. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് കേരളത്തിലുള്ളത്. അതുകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പ് സംസ്ഥാന ഗവൺമെന്റിന്റെ വിലയിരുത്തൽ കൂടിയാകും. സ്വർണക്കടത്തു കേസ് അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താനായില്ല. ഇനി മാസപ്പടി കേസ് അന്വേഷിച്ചാലും ഒന്നും കണ്ടെത്താനാവില്ല. കാരണം സി.പി.എം-ബി.ജെ.പി അന്തർധാര സജീവമാണ്. ഇവർ ഒരേതൂവൽ പക്ഷികളാണ്. കാസർകോട് യു.ഡി.എഫിനെതിരെ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ഇക്കുറി കേരളത്തിൽ യു.ഡി.എഫ് ഇരുപതിൽ ഇരുപതും നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്,എ കെ എം അഷ്‌റഫ്‌,പി. കെ ഫൈസൽ, കല്ലട്ര മാഹിൻ ഹാജി എന്നിവരും സംബന്ധിച്ചു.

സൈബർ ആക്രമണം അംഗീകരിക്കില്ല

വടകരയിൽ കെ.കെ. ശൈലജക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാവുന്നതല്ലെന്ന് ചോദ്യത്തിന് ഉത്തരമായി ചെന്നിത്തല പറഞ്ഞു. ഒരു സ്ഥാനാർഥിയേയും വ്യക്തിഹത്യ ചെയ്യുന്നത് അംഗീകരിക്കാൻ പറ്റില്ല. ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട ആളാണ് ഞാൻ. എന്തിന്റെ പേരിലായാലും നേതാക്കൾക്ക് എതിരായ ഇത്തരം ഏർപ്പാടുകൾ ശരിയല്ല. ചെന്നിത്തല പറഞ്ഞു.