
കണ്ണൂർ: പൊതുതിരഞ്ഞെടുപ്പിന് ഇനി എട്ടുദിവസം മാത്രം ബാക്കിയിരിക്കെ മുന്നൊരുക്കം കൃത്യമാക്കി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജയിച്ചുകയറുന്നതിന് അരയും തലയും മുറുക്കി സ്ഥാനാർത്ഥികളും മുന്നണികളും.എൺപത്തിയഞ്ച് വയസു പിന്നിട്ടവരെയും അർഹതയുള്ള ഭിന്നശേഷിക്കാരുടെയും വോട്ട് വീട്ടിലെത്തി ചെയ്യിക്കുന്നതടക്കമുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മുന്നൊരുക്കം നടത്തുമ്പോൾ പരമാവധി വോട്ടുകൾ അനുകൂലമാക്കുന്നതിനുള്ള തന്ത്രങ്ങളുമായി മുന്നണികൾ പ്രചാരണം ശക്തമാക്കി മുന്നേറുകയാണ്.
വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി
കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് മണ്ഡലംതല വിതരണ കേന്ദ്രങ്ങളിൽ ആരംഭിച്ചു. സ്ഥാനാർഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ പതിച്ച് സീൽ ചെയ്ത ശേഷം കൺട്രോൾ യൂണിറ്റുകൾ ടാഗുകൾ ഉപയോഗിച്ച് സീൽ ചെയ്യുന്ന പ്രക്രിയയാണിത്. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലെ 1178 പോളിംഗ് ബൂത്തുകളിലേക്കുള്ള ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയുടെ എണ്ണത്തിന്റെ 20 ശതമാനവും വി.വി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങൾ കമ്മിഷനിംഗ് നടത്തി.
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി.വി.എച്ച്.എസ്.എസ്,കുറുമാത്തൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളേജ്, കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ധർമ്മടം തോട്ടട എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ, മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ, തുണ്ടിയിൽ സെന്റ് ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് കമ്മിഷനിംഗ് നടന്നത്.
പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട്
പോളിങ്ങ് ബൂത്തിൽ ഡ്യൂട്ടിയുള്ള ഇതര പാർലമെന്റ് മണ്ഡലങ്ങളില വോട്ടർമാരായ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനൊരുക്കുന്ന വോട്ടർ ഫെസിലിറ്റി സെന്റർ (വി.എഫ്.സി) ഇന്നു മുതൽ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടക്കുന്ന സെന്ററുകളിൽ ഇന്നുമുതൽ 20വരെ വി.എഫ്.സി പ്രവർത്തിക്കും. ഏപ്രിൽ ഒമ്പതിന് മുമ്പ് അപേക്ഷ നൽകിയവരുടെ പോസ്റ്റൽ ബാലറ്റുകളാണ് ഇതിനകം വോട്ടിംഗിനായി ലഭ്യമായിട്ടുള്ളത്. https://kannur.nic.in/en/vfc/ എന്ന വെബ് സൈറ്റിലെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമേ ഇന്ന് വോട്ട് രേഖപ്പെടുത്താം.
ആവേശം വിതറി നേതാക്കൾ
ദേശീയ,സംസ്ഥാന തല നേതാക്കളെ അണിനിരത്തി ആവേശം വിതറുകയാണ് മുന്നണികൾ. കണ്ണൂർ,കാസർകോട് മണ്ഡലങ്ങളിലെ എൻ.ഡി.എ പ്രചാരണത്തിനായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇന്നലെ എത്തി. യു.ഡി.എഫ് പ്രചാരണത്തിനായി ഇന്നലെ എത്തിയവരിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരായിരുന്നു പ്രമുഖർ. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന യു.ഡി.എഫിന്റെ മഹാസംഗമം നടക്കും. മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കളും മണ്ഡലങ്ങളിൽ പര്യടനത്തിനെത്തുന്നുണ്ട്.
കളംനിറഞ്ഞ് ആരോപണ -പ്രത്യാരോപണങ്ങൾ
പ്രധാന നേതാക്കൾ തന്നെ ആരോപണ പ്രത്യാരോപണങ്ങളുമായി കളംനിറഞ്ഞതോടെ പ്രചാരണരംഗം ഇക്കുറി കലുഷിതമായിട്ടുണ്ട്. കെ.കെ.ശൈലജയ്ക്കെതിരെയുള്ള സൈബർ ആക്രമണവും സി എ.എയിലെ നിലപാടില്ലായ്മയും കേരളത്തിന് വേണ്ടി പാർലിമെന്റിൽ ശബ്ദിക്കാത്തതും പ്രധാന നേതാക്കളടക്കം ബി.ജെ.പിയിലേക്ക് മാറുന്നതുമടക്കം ഇടതുനേതാക്കൾ കോൺഗ്രസിനും യു.ഡി.എഫിനുമെതിരെ രൂക്ഷവിമർശനമുയർത്തുമ്പോൾ മോദിയെ നേരിട്ട് വിമർശിക്കാത്തതും വീണ വിജയനെതിരായ അന്വേഷണവുമടക്കം കടുത്ത ആക്രമണമാണ് യു.ഡി.എഫ് നേതാക്കൾ ഉന്നയിക്കുന്നത്. ബി.ജെ.പിയ്ക്കും പ്രധാനമന്ത്രിയ്ക്കുമെതിരെ രൂക്ഷമായ വിമർശനവും ഇരുമുന്നണികളും ഉയർത്തുന്നുണ്ട്. ഇരുമുന്നണികൾക്കുമെതിരെ എൻ.ഡി.എയും ശക്തമായി രംഗത്തുണ്ട്.
നിരീക്ഷണം ശക്തം
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ രൂപീകരിച്ച ആന്റി ഡീഫെയ്സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ഇതുവരെ പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികൾ നീക്കി.