
നീലേശ്വരം:തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പാലോട്ട് കാവിലെ വിഷുവിളക്ക് മഹോത്സവം ഇന്ന് സമാപിക്കും. വിഷുവിളക്കിന്റെ നാലാം സുദിനമായ ഇന്നലെ നീലേശ്വരത്തിന്റെ ദേശാധിപത്യം വഹിക്കുന്ന തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ പാലോട്ട് ദൈവം, കൂടേയുള്ളോർ എന്നി തെയ്യക്കോലങ്ങൾ നേരിട്ടെത്തി ഉപചാരം പറഞ്ഞു പിരിഞ്ഞു.സമാപന ദിവസമായ ഇന്ന് രാവിലെ 6 മണിക്ക് കൊടിയില പിടിത്തത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ പാലോട്ട് ദൈവത്തെ പള്ളിയുണർത്തി ആദി നാരായണ മൂർത്തിയെ വിവിധ കീർത്തനങ്ങളാൽ സ്തുതിച്ച് പള്ളികൊള്ളിക്കുന്നതോടുകൂടി സമാപിക്കും.വൈകുന്നേരം 3 മണിക്ക് തെയ്യ പുറപ്പാടിന് ശേഷം വിഷുക്കുളി , തുലാഭാരം, തേങ്ങയേറ് തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരിക്കും.ഉച്ചയ്ക്ക് 12 മണി മുതൽ ദേവ പ്രസാദമായ അന്നദാനവും ഉണ്ടായിരിക്കും.