പാനൂർ: ബോംബ് രാഷ്ട്രീയത്തിനെതിരെ പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ യു.ഡി.എഫ് സംഘടിപ്പിച്ച ജനസദസ്സ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അന്തർധാരയല്ല, പരസ്യമായ ഏർപ്പാടെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീ എം എന്ന ആത്മീയ നേതാവ് ഇടനിലക്കാരനായാണ് സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ ധാരണയിലെത്തിയത്. നാല് മാസം കഴിഞ്ഞപ്പോൾ ഇതിന്റെ നന്ദി സൂചകമായി 4 ഏക്കർ ഭൂമിയാണ് പതിച്ചു കൊടുത്തതെന്നും സതീശൻ ആരോപിച്ചു.
ബോംബുണ്ടാക്കിയതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമാണ്. ഇതിനെ പറ്റി ഇന്റലിജൻസിൽ നിന്നും സ്‌പെഷൽ ബ്രാഞ്ചിൽ നിന്നും വിവരം കിട്ടിയില്ലെങ്കിൽ പൊലീസ് മന്ത്രിയാവാൻ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്നും സതീശൻ പറഞ്ഞു. പി.പി.എ സലാം അദ്ധ്യക്ഷത വഹിച്ചു. വി.എ.നാരായണൻ, എൻ.വേണു, മാർട്ടിൻ ജോർജ്, പ്രവീൺ കുമാർ, പാറക്കൽ അബ്ദുള്ള, കെ.പി.സാജു, വി.സുരേന്ദ്രൻ സംബന്ധിച്ചു.