കേളകം: വീട്ടുമുറ്റത്ത് കാട്ടാനയെത്തിയതിന്റെ ഭീതിയിലാണ് കേളകം ശാന്തിഗിരിയിലെ മൂഴിക്കുളം ജോമോനും കുടുംബവും. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് കാട്ടാന ജോമോന്റെ വീട്ടുമുറ്റത്തെത്തിയത്.നായ തുടർച്ചയായി കുരച്ച് ബഹളം കൂട്ടിയിരുന്നെങ്കിലും ഭീതിമൂലം വീട്ടുകാർ പുറത്തിറങ്ങിയില്ല.
രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിന് മുൻവശത്തെ വാഴകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കുലയ്ക്കാറായ വാഴകളായിരുന്നു. തുടർന്ന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യമായാണ് ഈ പ്രദേശത്ത് കാട്ടാന എത്തുന്നതെന്ന ജോമോൻ പറഞ്ഞു.
പാലുകാച്ചിയിൽ നിന്നും റോഡിലൂടെയാണ് കാട്ടാന ജോമോന്റെ വീട്ടുമുറ്റത്തെത്തി വിളകൾ നശിപ്പിച്ചത്.
ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും കാട്ടാന നാട്ടിലിറങ്ങി വിളകൾ നശിപ്പിക്കുന്നത്.