silja
വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഷിൽജ ജോസിന്റെ വീട്ടിലെത്തിയപ്പോൾ

കൊട്ടിയൂർ: സിവിൽ സർവീസ് പരീക്ഷയിൽ 529-ാം റാങ്ക് നേടി മലയോരത്തിന്റെ അഭിമാനമായി മാറിയ കൊട്ടിയൂർ പാൽച്ചുരം സ്വദേശിനി ഷിൽജ ജോസിനെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ വീട്ടിലെത്തി അനുമോദിച്ചു. ജീവിതത്തിന്റെ കയ്പ്പേറിയ വഴികളിലൂടെ വളർന്നുവന്ന കുട്ടിയാണ് ഷിൽജ. വന്നവഴി മറന്നു പോകാതിരിക്കണമെന്നും നമ്മുടെ നാട്ടിലെ സാധാരണക്കാർ ഒരു സഹായം തേടി വരുമ്പോൾ അവരോട് കാരുണ്യമുള്ള ഒരു ഓഫീസറായി വളരാൻ കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം എൻ.സി.പി ജില്ലാ പ്രസിഡന്റ് അജയൻ പായം, സി.പി.എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി കെ.എൻ. സുനീന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. ടിമ്പർ തൊഴിലാളിയായ പുന്നത്തറ ജോസിന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ കത്രീനയുടെയും ഏകമകളാണ് ഷിൽജ. സ്വന്തമായി നാല് സെന്റ് ഭൂമി മാത്രമാണ് ഇവർക്കുള്ളത്. ഒന്നു മുതൽ പ്ലസ്ടു വരെയുള്ള പഠനം പൊതു വിദ്യാലയത്തിലായിരുന്നു.