vote
വോട്ട്

കണ്ണൂർ: പ്രവചനാതീതമായ മത്സരമാണ് കണ്ണൂർ മണ്ഡലത്തിൽ. പന്ത്രണ്ട് സ്ഥാനാർത്ഥികൾ പോർക്കളത്തിലുണ്ടെങ്കിലും കണ്ണൂരിൽ പ്രധാന മുന്നണികൾ തമ്മിലാണ് കടുത്ത മത്സരം. അവസാന ലാപിലേക്ക് കടക്കുമ്പോൾ കണ്ണൂരിൽ പ്രചാരണം ഉച്ചസ്ഥായിയിലാണ്. കെ. സുധാകരൻ (യു.ഡി.എഫ്), എം.വി ജയരാജൻ (എൽ.ഡി.എഫ്), സി. രഘുനാഥ് (എൻ.ഡി.എ) എന്നിവരാണ് പോരാളികൾ. കെ. സുധാകരനും എം.വി ജയരാജനും അപരന്മാരും മത്സര രംഗത്തുണ്ട്. മണ്ഡലത്തിൽ ആകെ 13,58,368 വോട്ടർമാരാണുള്ളത്. 2019നെക്കാൾ 91,809 വോട്ട് കൂടുതൽ. 6,46,181 പുരുഷവോട്ടർമാരും 7,12,181 സ്ത്രീ വോട്ടർമാരും 6 ട്രാൻസ് ജെൻഡർ വിഭാഗക്കാരുമാണ് മണ്ഡലത്തിലുള്ളത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇരിക്കൂറും പേരാവൂരും മാത്രമാണ് യു.ഡി.എഫിന് കണ്ണൂരിൽ സ്വന്തമായുള്ളത്. കഴിഞ്ഞ തവണ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കൈവശമുണ്ടായിരുന്ന അഴീക്കോട് മണ്ഡലം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിടിച്ചെടുത്തു. വിജയ പ്രതീക്ഷയുണ്ടായിരുന്ന കണ്ണൂർ വീണ്ടും കൈവിടുകയും ചെയ്തു. 2019ൽ മട്ടന്നൂരും ധർമ്മടവും ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്റെ വിജയം. ഇതിൽ ഇടതു കേന്ദ്രമായ തളിപ്പറമ്പിൽ സുധാകരൻ നേടിയ നേരിയ ഭൂരിപക്ഷം മുന്നണി നേതൃത്വത്തെ തന്നെ ഞെട്ടിച്ചു. ഇരിക്കൂറിലായിരുന്നു സുധാകരന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം. 37,320 വോട്ട്.

ആകെ വോട്ടർമാർ 13,58,368

പേരാവൂർ 1,81,064

മട്ടന്നൂർ 1,95,388

ധർമടം 1,99,115

കണ്ണൂർ 1,78,732

ഇരിക്കൂർ 1,97,680

തളിപ്പറമ്പ 2,21,295


മുന്നണികളുടെ പ്രചാരണം ഈ വഴിയിൽ

യു.ഡി.എഫ്:

സംസ്ഥാന സർക്കാരിനെതിരായ വിമർശനങ്ങൾ തന്നെയാണ് മുഖ്യവിഷയം. അക്രമ രാഷ്ട്രീയവും പ്രചാരണായുധമാക്കുന്നു. കെ. സുധാകരൻ എന്ന വ്യക്തി പ്രഭാവത്തിനുള്ള വോട്ടും വിജയ സാധ്യത കൂട്ടുമെന്നാണ് കണക്ക് കൂട്ടൽ. ധർമ്മടത്തെയും മട്ടന്നൂരിലെയും എൽ.ഡി.എഫ് ഭൂരിപക്ഷം കുറയ്ക്കുന്നതോടൊപ്പം അഴീക്കോട്, കണ്ണൂർ, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ ലീഡ് ഉയർത്തിയാൽ വിജയം ഉറപ്പെന്ന് നേതൃത്വം പറയുന്നു.


എൽ.ഡി.എഫ്:

സി.പി.എമ്മിന്റെ സംഘടന സംവിധാനവും ചിട്ടയായ സ്‌ക്വാഡ് പ്രവർത്തനങ്ങൾ നേട്ടമായേക്കും. വർഗീയതയ്‌ക്കെതിരെ ഇന്ത്യ നിലനിൽക്കേണ്ടത്തിന്റെ ആവശ്യകതയാണ് എൽ.ഡി.എഫ് എടുത്തുകാട്ടുന്നത്. ഇന്നത്തെ കോൺഗ്രസ് നാളെ ബി.ജെ.പി ആണെന്നതും ബി.ജെ.പി സ്ഥാനാർത്ഥിയെ ചൂണ്ടി അവർ ഊന്നി പറയുന്നുണ്ട്. കെ.കെ ശൈലജയ്‌ക്കെതിരേയുള്ള വ്യക്തിഹത്യ വിവാദമായത് മട്ടന്നൂരിൽ എൽ.ഡി.എഫിന് ഗുണമായേക്കാം.


എൻ.ഡി.എ:

കേന്ദ്ര ഭരണത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻ.ഡി.എ വോട്ട് തേടുന്നത്. മാറ്റത്തിനു വേണ്ടി ഒരു വോട്ട് എന്ന പ്രചാരണം വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് നേതൃത്വം കരുതുന്നത്. സി. രഘുനാഥിലൂടെ കോൺഗ്രസ് അസംതൃപ്ത വോട്ടും എൻ.ഡി.എ ലക്ഷ്യമിടുന്നു.