
കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. ബുധനാഴ്ച രാത്രി 12മണിയോടെയായിരുന്നു അന്ത്യം. കളിയാട്ടം, കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. മുയൽ ഗ്രാമം, രവിഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ, പാവപ്പെട്ട കഥ (ബാല സാഹിത്യം), ജീവിതം, പൂങ്കാവനം, അനന്തം, കാശി (നോവൽ), കളിയാട്ടം (തിരക്കഥ) എന്നിവയാണ് ബൽറാം മട്ടന്നൂർ രചിച്ച പുസ്തകങ്ങൾ. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ കലാ സാംസ്‌കാരിക സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
ചങ്ങമ്പുഴയെക്കുറിച്ച് രചിച്ച തിരക്കഥ സിനിമയാക്കാൻ വിഖ്യാത സംവിധായകൻ ജയരാജിനെ സമീപിച്ചത് ബൽറാമിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ചങ്ങമ്പുഴ സിനിമ യാഥാർത്ഥ്യമായില്ലെങ്കിലും ഉത്തര കേരളത്തിലെ ആരാധനാമൂർത്തിയായ തെയ്യത്തെ ആസ്പദമാക്കി രചിച്ച തിരക്കഥ കളിയാട്ടം ജയരാജിന്റെ സംവിധാനത്തിൽ സിനിമയായി വെള്ളിത്തിരയിലെത്തി. മഞ്ജു വാര്യരും സുരേഷ് ഗോപിയും മുഖ്യ കഥാപാത്രങ്ങളായി. സുരേഷ് ഗോപിക്ക് അതുവഴി സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. പരേതരായ സി.എച്ച്. പദ്മനാഭൻ നമ്പ്യാരുടെയും സി.എം. ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: കെ.എൻ. സൗമ്യ (നാറാത്ത്). മകൾ: ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്. കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ സംസ്‌കാരം നടന്നു.