kk-shaija

കണ്ണൂർ: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയ്ക്കെതിരായ സൈബർ അധിക്ഷേപത്തിൽ രണ്ടുപേർക്കെതിരെ കൂടി കേസെടുത്തു. കഴിഞ്ഞ ദിവസം മാഹിയിൽ ഒരാൾക്കെതിരെ കേസെടുത്തിരുന്നു. ഇതുവരെ കേസിൽ പ്രതിചേർക്കപ്പെട്ടവരെല്ലാം മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് പറയുന്നു.

പ്രവാസിയായ കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ ഇന്നലെ മട്ടന്നൂർ, വടകര പൊലീസ് കേസെടുത്തു. കലാപാഹ്വാനം, വ്യാജപ്രചാരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. യൂത്ത് ലീഗ് പ്രവർത്തകനായ പേരാമ്പ്ര നൊച്ചാട് സ്വദേശി സൽമാൻ വാളൂരിനെതിരെയാണ് മറ്റൊരു കേസ്. ശൈലജയുടെ വീഡിയോ മോർഫ് ചെയ്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആർ.

ശൈലജയ്ക്കെതിരെ മങ്ങാട് സ്‌നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ മുസ്ലിംലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഇസ്ലാമിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി വ്യക്തിഹത്യ നടത്തുന്നെന്നാരോപിച്ച് കെ.കെ. ശൈലജ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവോടെയും പ്രേരണയോടെയുമാണ് സൈബർ അതിക്രമമെന്നും പരാതിയിൽ ആരോപിച്ചിരുന്നു.