കാസർകോട്: വോട്ടിംഗ് മെഷീനിൽ യാതൊരു അപാകതകളും ഇല്ലെന്ന് ജില്ലാ വരണാധികാരിയായ കളക്ടർ കെ. ഇമ്പശേഖരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെഷീനെ കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ മോക് പരിശോധനയിലൂടെ ബോധ്യപ്പെടാവുന്നതാണെന്നും കളക്ടർ പറഞ്ഞു.
കാസർകോട് മണ്ഡലത്തിലെ മെഷീൻ കമ്മിഷനിംഗ് സമയത്ത് നടത്തിയ മോക് പോളിംഗിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് കൂടുതൽ വോട്ട് കിട്ടിയെന്ന യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും രണ്ട് പരാതികൾ ലഭിച്ചിരുന്നു. പിന്നീട് ഇത് പരിഹരിക്കുകയും അമ്പത് വീതം വോട്ടുകൾ പോൾ ചെയ്ത് വോട്ടിംഗ് മെഷീനിലെയും വിവിപാറ്റ് മെഷീനിലെയും അപാകതകൾ പരിഹരിച്ചിരുന്നു. എല്ലാം കൃത്യമാണെന്ന് സ്ഥാനാർത്ഥികളുടെ ഏജന്റുമാർ സർട്ടിഫൈ ചെയ്ത് തന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ നൽകിയ റിപ്പോർട്ട് കളക്ടർ പുറത്തുവിട്ടു. ആർക്കും ഒരു സംശയവും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പേരിൽ വേണ്ടെന്നും നൂറുശതമാനം ഇത് സുതാര്യമാണെന്നും ഇദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങൾ എല്ലാം സി.സി.ടി.വിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും കമ്മിഷൻ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.