കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ അവശ്യ സർവ്വീസ് വോട്ടർമാർക്കുള്ള (എ.വി.ഇ.എസ്) പോസ്റ്റൽ വോട്ടിംഗ് നാളെ ആരംഭിക്കും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ സജ്ജമാക്കുന്ന പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിൽ നേരത്തെ അപേക്ഷ സമർപ്പിച്ചവർക്ക് വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡുകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചുവരെ വോട്ടിംഗ് കേന്ദ്രം പ്രവർത്തിക്കും.
ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ശ്രീകണ്ഠപുരം എച്ച്.എസ്.എസ്, തളിപ്പറമ്പിൽ ടാഗോർ വിദ്യാ നികേതൻ, അഴീക്കോട് കൃഷ്ണമേനോൻ വനിത കോളേജ്, കണ്ണൂർ ജി.വി.എച്ച്.എസ്.എസ് കണ്ണൂർ, ധർമടം എസ്.എൻ ട്രസ്റ്റ് എച്ച.എസ്.എസ് തോട്ടട, മട്ടന്നൂർ മട്ടന്നൂർ എച്ച്.എസ്.എസ്, പേരാവൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ് തുണ്ടിയിൽ എന്നിവയാണ് വോട്ടിംഗ് കേന്ദ്രങ്ങൾ.
വടകര ലോക്സഭാ മണ്ഡല പരിധിയിലുള്ള തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലും 20ന് പി.വി.സി ആരംഭിക്കും. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഒഫ് ടീച്ചർ എജുക്കേഷൻ, കൂത്തുപറമ്പ് നിർമലഗിരി കോളേജ് എന്നിവയാണ് കേന്ദ്രങ്ങൾ.

കാസർകോട് 21ന് തുടങ്ങും

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പയ്യന്നൂർ, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ 21നാണ് പോസ്റ്റൽ വോട്ടിംഗ് സെന്റർ ആരംഭിക്കുക.

1. തുടർച്ചയായ മൂന്ന് ദിവസം വോട്ടിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കും.

2. ഏതെങ്കിലും ഒരു ദിവസം അപേക്ഷ നൽകിയ വോട്ടർക്ക് സെന്റിലെത്തി വോട്ട് രേഖപ്പെടുത്താം.

3. പോസ്റ്റൽ വോട്ടിംഗ് സെന്ററിലേക്ക് 51 പേരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

2623

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ 2216 പേരാണ് മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ള എ.വി.ഇ.എസ് വിഭാഗത്തിൽ പോസ്റ്റൽ വോട്ടിനായി അപേക്ഷിച്ചിട്ടുള്ളത്. ജില്ലയിലാകെ ഇത് 2623 പേരാണ്.