പഴയങ്ങാടി: പുതിയങ്ങാടി ബീച്ച് റോഡ് നീരൊഴുക്കും ചാലിൽ റോഡരികിലെ ബി.എസ്.എൻ.എൽ വൈഫൈ വയർ ബസിൽ കുരുങ്ങി വയർ കെട്ടിയ ഇലക്ട്രിക് പോസ്റ്റ് പൊട്ടി ബസിന് മുകളിൽ പതിച്ചു. യാത്രക്കാരുമായി കണ്ണൂരിൽ നിന്ന് ബീച്ച് റോഡിലേക്ക് വരുന്ന റോഡ് നെറ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടു കൂടിയാണ് അപകടമുണ്ടായത്.
ബസിന്റെ സൈഡ് ഗ്ലാസിൽ കുരുങ്ങിയ വയർ ബസ് മുമ്പോട്ട് എടുത്തതോടെ ഇലക്ട്രിക് പോസ്റ്റ് പകുതിയിൽ നിന്ന് മുറിഞ്ഞ് ബസിന് മുകളിൽ പതിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാർ മാടായി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ വിളിച്ചുപറഞ്ഞതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീരദേശ പ്രദേശമായതിനാൽ ഇലക്ട്രിക് പോസ്റ്റിന്റെ കമ്പികൾ തുരുമ്പിച്ച നിലയിലാണ് ഉണ്ടായിരുന്നത്.
മുറിഞ്ഞ പോസ്റ്റിൽ ഏറ്റവും നേരിയ കമ്പി കണ്ടതിനെ തുടർന്ന് നാട്ടുകാർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധമുയർത്തി. നാലുമണിയോടെ കെ.എസ്.ഇ.ബി ജീവനക്കാർ എത്തി ബസിന് മുകളിൽ നിന്ന് ഇലക്ട്രിക് പോസ്റ്റ് എടുത്തുമാറ്റി. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി ജീവനക്കാർ പുതിയ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചു. അപകട സ്ഥലത്ത് പഴയങ്ങാടി പൊലീസും മാടായി സെക്ഷൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ബി.എസ്.എൻ.എൽ അധികൃതരും എത്തിയിരുന്നു.