മാഹി: മാഹി ഉൾപ്പടെ പുതുച്ചേരിയിലെ സമ്മതിദായകർ ഇന്ന് വോട്ട് രേഖപ്പെടുത്തും. തെന്നിന്ത്യയിലാകെ ചിതറിക്കിടക്കുന്ന
ഈ മണ്ഡലം, വൈവിദ്ധ്യത്തിലും വൈരുദ്ധ്യത്തിലും രാഷ്ട്രീയ കാഴ്ചപ്പാടുകളിലും രാജ്യത്തിന്റെ ഒരു പരിച്ഛേദമാണ്. തെലുങ്ക്, തമിഴ്, മലയാളക്കരകളിലെ രാഷ്ട്രീയം ഈ മണ്ഡലത്തിൽ പ്രതിഫലിക്കും. ഇന്ത്യ മുന്നണിയും, എൻ.ഡി.എയും തമ്മിലാണ് പ്രധാനമത്സരം.
എല്ലാ ബൂത്തുകളിലും സി.സി.ടി.വി. കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന പോളിംഗ് വൈകുന്നേരം 6 മണിക്ക് സമാപിക്കും.
നോവലിസ്റ്റ് എം. മുകുന്ദൻ മാഹി ഗവ. എൽ.പി സ്‌കൂളിലും, രമേശ് പറമ്പത്ത് എം.എൽ.എ പള്ളൂർ ആലി സ്‌കൂളിലും സമ്മതിദാനാവകാശം വിനിയോഗിക്കും.
കഴിഞ്ഞ അസംബ്ളി ഇലക്ഷനിൽ വോട്ടിംഗ് ശതമാനം കുറഞ്ഞ ഇരുപത്തിമൂന്ന് ബൂത്തുകളിലെ വോട്ടർമാരെ വോട്ടിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിക്കാനും, പോളിംഗ് ബൂത്തിൽ എത്തിക്കുവാനും, പരിശീലനം സിദ്ധിച്ച
എൻ.എസ്.എസ് വളണ്ടിയർമാരും ബൂത്ത് ലെവൽ ഓഫീസർമാരും സംയോജിച്ച് ബൂത്തുകളിൽ സജീവമായി രംഗത്തുണ്ട്.
ഇന്നലെ മുഴുവൻ വീടുകളിൽ കയറി ബോധവത്കരണം നടത്തിയ ഇവർ ഇന്ന് വോട്ട് ചെയ്യാത്തവരെ ബൂത്തിലെത്തിച്ച് വോട്ടിംഗ് നൂറ് ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മാഹി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ഡി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ മാഹി അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറും ഡെപ്യൂട്ടി തഹസിൽദാറുമായ മനോജ് വളവിൽ, ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ക്രമസമാധാന ചുമതലയ്ക്ക് നേതൃത്വം നൽകാൻ പുതുച്ചേരിയിൽ നിന്ന് സീനിയർ പൊലീസ് സൂപ്രണ്ടും മറ്റൊരുപൊലീസ് സൂപ്രണ്ടും മാഹിയിലെത്തിയിട്ടുണ്ട്. രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയും പുതുച്ചേരിയിൽ നിന്ന് കുടുതൽ വനിതാ പൊലീസുകാരും കണ്ണൂരിൽ നിന്ന് 25 അംഗ വനിതാ പൊലീസ് സംഘവും മാഹിയിലെത്തി. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാഡ് ഇന്നലെ ബൂത്തുകൾ പരിശോധിച്ചു.
വോട്ടർമാരെ ആകർഷിക്കാൻ മാതൃകാ ഹരിത ബൂത്ത്
ഹരിതഭംഗിയിൽ കുളിച്ചു നിൽക്കുന്ന പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃകാ ബൂത്ത് വോട്ടർമാരെ മാടി വിളിക്കുകയാണ്. തീർത്തും പരിസ്ഥിതി സൗഹൃദ ബൂത്താക്കി മാറ്റിയ ഇവിടം കുരുത്തോലയിൽ കലാചാരുതയോടെ നിർമ്മിച്ച പ്രവേശന കവാടം കഴിഞ്ഞാൽ, കരുത്തോല നിലവിളക്കും തെങ്ങിൻ പൂങ്കുലകളും
ഇരുവശവും വാഴകളും ഈന്തോലകളും പൂച്ചെടികളും കണ്ട് ഹരിത പരവതാനിയിലൂടെ കടന്ന്, പനയോല കൊണ്ട് മേഞ്ഞ, മുളകൾ കൊണ്ട് നിർമ്മിച്ച അന്വേഷണ കൗണ്ടറിലെത്തും. ചെറുതരം ഓലക്കുടിലുകളിൽ കുടിവെള്ള സംവിധാനവും മെഡിക്കൽ സഹായ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. വോട്ടർമാരായ അമ്മമാർക്കൊപ്പമെത്തുന്ന കുട്ടികൾക്ക് കളിക്കാനായി ചിൽഡ്രൻസ് കോർണറുമുണ്ട്. വിശ്രമിക്കാൻ ഓലപ്പന്തലുമുണ്ട്. അദ്ധ്യാപകരായ ആർട്ടിസ്റ്റ് ടി.എം. സജീവൻ, സി. സജീന്ദ്രൻ എന്നിവർക്കൊപ്പം ഇലക്ഷൻ ഓഫീസർമാരായ ഇ.പി. ശിവകുമാർ, കെ. സന്തോഷ് കുമാർ, പൊലീസ് എസ്.ഐ. സുനിൽ പ്രശാന്ത് എന്നിവരും മാതൃകാ ബൂത്തൊരുക്കാൻ സഹായികളായി.