കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ എം.സി.സി നിരീക്ഷണ സ്‌ക്വാഡുകൾ പെരുമാറ്റ ചട്ടലംഘനത്തിനെതിരെയുള്ള നടപടി ശക്തമായി തുടരുന്നു. ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച 52,083 പ്രചാരണ സാമഗ്രികൾ ഇതുവരെ നീക്കം ചെയ്തു. പോസ്റ്റർ, ബാനർ, കൊടിതോരണങ്ങൾ തുടങ്ങി പൊതുസ്ഥലത്തെ 51,977 എണ്ണവും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 106 എണ്ണവുമാണ് മാറ്റിയത്.
വിവിധ നിയോജക മണ്ഡലങ്ങളിലായി പൊതുസ്ഥലത്ത് പതിപ്പിച്ച 38,206 പോസ്റ്റർ, 5,929 ബാനർ, 2,147 ചുവരെഴുത്ത്, 5695 മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവയാണ് ഒഴിവാക്കിയത്. ബുധനാഴ്ച മാത്രം പൊതുസ്ഥലത്ത് നിന്ന് 1487 എണ്ണവും സ്വകാര്യ സ്ഥലത്ത് നിന്ന് ഒരെണ്ണവും മാറ്റിയിരുന്നു. സ്വകാര്യ സ്ഥലത്ത് സ്ഥലയുടമയുടെ അനുമതിയില്ലാതെ പതിപ്പിച്ച 76 പോസ്റ്റർ, 24 ബാനർ, 4 ചുവരെഴുത്ത്, രണ്ട് മറ്റ് പ്രചാരണ സമഗ്രികൾ എന്നിവയും നീക്കി. പരിശോധനക്കിടെ കണ്ടെത്തിയും പരാതികളുടെ അടിസ്ഥാനത്തിലുമാണ് നടപടി. എം.സി.സി നോഡൽ ഓഫീസർ എ.ഡി.എം കെ.നവീൻബാബുവിന്റെ നേതൃത്വത്തിലാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം. ഓരോ നിയമസഭ മണ്ഡലത്തിലും രണ്ടുവീതം സംഘങ്ങളാണുള്ളത്.
ഓരോ സ്‌ക്വാഡിലും പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരടക്കം അഞ്ച് പേരാണുള്ളത്. 22 സ്‌ക്വാഡുകളിലായി 110 പേരും ജില്ലാതലത്തിലുള്ള രണ്ട് സ്‌ക്വാഡുകളിലായി 34 പേരുമുണ്ട്. ആകെ 144 പേരെയാണ് ഇതിന്റെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും.
രണ്ടാംഘട്ട പരിശീലന ക്ലാസുകൾ
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകുന്ന രണ്ടാംഘട്ട പരിശീലന ക്ലാസുകൾ ജില്ലയിൽ ആരംഭിച്ചു. പ്രിസൈഡിംഗ് ഓഫീസർ, മൂന്നു പോളിംഗ് ഓഫീസർമാർ എന്നിവർ അടങ്ങുന്ന പോളിംഗ് ടീമിനാണ് പരിശീലനം നൽകുന്നത്. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പരീശീലനം.