udf
അതിഞ്ഞാലിൽ യു.ഡി.എഫ് കുടുംബയോഗത്തിൽ മുസ്ലിം ലീഗ് ദേശീയസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുന്നു

കാഞ്ഞങ്ങാട്: ജനങ്ങളെ വിവിധ തട്ടുകളിലാക്കി മുതലെടുക്കുകയാണ് നരേന്ദ്ര മോദി സർക്കാരെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ അദ്ദേഹം അതിഞ്ഞാലിലെ എം.ബി.എം അഷ്റഫിന്റെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ജനങ്ങളെ തമ്മിലടിപ്പിച്ചാണ് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചത്. അതേ തന്ത്രമാണ് മോദി പ്രയോഗിക്കുന്നത്. ജനങ്ങൾ തമ്മിൽ തല്ലിയാൽ രാജ്യം ഇല്ലാതാകും. പൗരത്വ ഭേദഗതി നിയമത്തിന്റെ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലീഗും അതിനൊപ്പം നിൽക്കും. പ്രധാനമന്ത്രി എത്ര തവണ കേരളത്തിൽ വന്നാലും ഇവിടെ നിന്ന് ബി.ജെ.പിക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. കേന്ദ്രത്തിൽ മതേതര ജനാധിപത്യ മുന്നണി അധികാരത്തിൽ വരുന്നതിന്റെ സൂചനകൾ തിരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ പ്രകടമാണ്. സംസ്ഥാന സർക്കാർ ജനങ്ങളുടെ പ്രാഥമിക കാര്യങ്ങൾ പോലും നടപ്പിലാക്കുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ കടുത്ത പ്രയാസമാണ് നേരിടുന്നത്. പ്ലസ്‌ടുവിന് സീറ്റ് കിട്ടാതെ പരക്കം പായുകയാണ് വിദ്യാർത്ഥികൾ. പഠന കാര്യത്തിന് പോലും പണമില്ലെന്നാണ് സർക്കാർ പറയുന്നത്. എൽ.ഡി.എഫിന്റെ തുടർ ഭരണം കൊണ്ട് സാധാരണക്കാർക്ക് യാതൊരു നേട്ടവുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, മുൻ മന്ത്രി സി.ടി അഹമ്മദലി എന്നിവരും ഒപ്പമുണ്ടായിരുന്നു.

യു.ഡി.എഫ് കുടുംബ യോഗം

അതിഞ്ഞാലിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയത്തിനായി ചേർന്ന കുടുംബ യോഗം കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്തു. മുബാറക്ക് ഹസൈനാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി, ഹക്കിം കുന്നിൽ, ബി. കമ്മാരൻ, പി.വി സുരേഷ്, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ എന്നിവർ പ്രസംഗിച്ചു. എൻ.വി അരവിന്ദാക്ഷൻ നായർ സ്വാഗതം പറഞ്ഞു.