കൊട്ടിയൂർ: കാട്ടാനശല്യത്തിൽ നിന്നും ആറളം ഫാമിലെ ജനങ്ങളെ സംരക്ഷിക്കാൻ കർശന സുരക്ഷ നിലവിലുള്ളതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ആർ.ആർ.ടി, രാത്രികാല പട്രോളിംഗിനുള്ള പ്രത്യേക ടീം എന്നിവ ജാഗ്രതയോടെ രംഗത്തുണ്ട്. ശാശ്വത പരിഹാരത്തിനായി 10.5 കിലോമീറ്റർ നീളത്തിൽ വന്യജീവി സങ്കേത അതിർത്തിയിൽ ടി.ആർ.ഡി.എം മുഖേന നിർമ്മിക്കുന്ന ആന മതിലിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
വന്യജീവി സങ്കേതത്തിൽ നിന്ന് ആറളം ഫാമിലേക്കും ടി.ആർ.ഡി.എം മേഖലയിലേക്കും ഇറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ കണ്ണൂർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ കണ്ണൂർ ആർ.ആർ.ടി 13ാം ബ്ലോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്.
കൊട്ടിയൂർ റേഞ്ച്, ആറളം വൈൽഡ് ലൈഫ് റേഞ്ച് എന്നിവിടങ്ങളിൽ നിന്ന് രാത്രികാല പട്രോളിംഗിനായി പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ ആശുപത്രികളിൽ പോകുന്നവർക്കും മറ്റ് ആവശ്യങ്ങൾക്കായി പോകുന്നവർക്കും സുരക്ഷ ഒരുക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മാർച്ച് ആദ്യവാരത്തിൽ സബ് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാന പ്രകാരം കണ്ണൂർ വനം ഡിവിഷൻ വന്യജീവി സങ്കേതത്തിന് കുറുകെ ആറ് കിലോമീറ്റർ ദൂരത്തിൽ താൽകാലിക ഫെൻസിംഗ് നിർമ്മിച്ചിരുന്നു. ഇതിനൊപ്പം പുനരധിവാസ മേഖലയിലും ഫാമിലുമെത്തുന്ന കാട്ടാനകളെ പ്രത്യേക സംഘത്തെ രൂപീകരിച്ച് ഒരാഴ്ചയോളം സ്ഥിരമായി കാട്ടിലേക്ക് തുരത്തിയിരുന്നു.
ആനകളിലെ വിരുതരെ കാടുകയറ്റും
പഴയ ആന മതിൽ പൊളിച്ച് രാത്രികാലങ്ങളിൽ ഇറങ്ങുന്ന ആനകൾ കാടിന് സമാനമായി കിടക്കുന്ന ഏക്കറ് കണക്കിന് ഫാമിനകത്തെയും പുനരധിവാസ മേഖലയിലെ താമസമില്ലാത്ത സ്ഥലത്തും നിലയുറപ്പിക്കുന്നുണ്ട്. ഈ ആനകളെ കണ്ടെത്തി ആർ.ആർ.ടിയുടെ നേതൃത്വത്തിൽ കാട്ടിലേക്ക് തുരത്താറുണ്ട്. ആനമതിൽ പൂർത്തിയായാൽ ഫാമിലെയും പുനരധിവാസ മേഖലയിലെയും ആന ശല്യത്തിന് ശാശ്വത പരിഹാരമാവുമെന്നും അതുവരെ മേഖലയിൽ ആർ.ആർ.ടിയുടെ സേവനം രാവും പകലും ലഭ്യമായിരിക്കുമെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
വിവരം കൈമാറാൻ വാട്സ് ആപ്പ്
'ആർ.ആർ.ടി പബ്ളിക് ഇൻഫർമേഷൻ" എന്ന പേരിൽ ആർ.ആർ.ടി കൊട്ടിയൂർ/ വൈൽഡ് ലൈഫ് റേഞ്ച് സ്റ്റാഫ്, പുനരധിവാസ മേഖലയിലെ പ്രൊമോട്ടേർമാർ, വാർഡ് മെമ്പർ, മറ്റ് ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ടി.ആർ.ഡി.എം സൈറ്റ് മാനേജർ, ഫാം സെക്യൂരിറ്റി ഓഫീസേർസ് തുടങ്ങിയവരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. പുനരധിവാസ മേഖലയിലും ഫാമിലും ആനകൾ ഇറങ്ങിയാൽ ഈ ഗ്രൂപ്പ് മുഖേന വിവരം ബന്ധപ്പെട്ട ജീവനക്കാരന് ലഭിക്കും. തുടർന്ന് രാത്രിയും പകലും ആനയെ തുരത്തി ജനങ്ങൾക്കുള്ള ഭീഷണി ഒഴിവാക്കുന്നുണ്ട്.
പ്രത്യേക പട്രോളിംഗ് ടീമിനെ വിളിക്കാം
8547602678, 8547602635, 8547603440, 8547602641, 8547602644, 8547602647