മാഹി: പോസ്റ്ററും ബോർഡും ചുമരെഴുത്തുമൊന്നുമില്ലാതെ, ആരവങ്ങളിൽ നിന്നൊഴിഞ്ഞ് നിന്ന തിരഞ്ഞെടുപ്പിൽ, സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയവരിലും മന്ദഗതി. ലോക്സഭാ തിരഞ്ഞെടുപ്പ് പുതുച്ചേരി മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ മൊത്തം 67 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. തുടക്കത്തിലേ തിരക്ക് കുറവായിരുന്നു.
കാലത്ത് 11 മണി വരെ 27 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.
രമേശ് പറമ്പത്ത് എം.എൽ.എ പള്ളൂർ ആലി സ്‌കൂളിലും, മുൻ മന്ത്രി ഇ.വത്സരാജ് മാഹി സി.ഇ.ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും കുടുംബസമേതം വോട്ട് ചെയ്യാനെത്തി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് കൺവീനറും, പ്രമുഖ ചലച്ചിത്രനിർമ്മാതാവുമായ മൻസൂർ പളളൂർ ആലി സ്‌കൂളിലാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.
നോവലിസ്റ്റ് എം.മുകുന്ദന് കൊൽക്കൊത്തയിൽ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ വോട്ട് രേഖപ്പെടുത്താനായില്ല. പോണ്ടിച്ചേരി നെട്ടപ്പാക്കം നിയോജക മണ്ഡലത്തിലെ മഡുക്കര ഗവ. പ്രൈമറി സ്‌കൂളിലെ ബൂത്ത് നമ്പർ ഒന്നിലാണ് ഇന്ത്യ മുന്നണി സ്ഥാനാർത്ഥി വി.വൈദ്യലിംഗം വോട്ട് രേഖപ്പെടുത്തിയത്. പുതുച്ചേരിയിലെ വില്യന്നൂരിലാണ് എൻ.ഡി.എ.സ്ഥാനാർത്ഥി എ. നമ:ശിവായം വോട്ട് ചെയ്തത്.
മാഹിയിലെ മൂലക്കടവ് എൽ.പി.സ്‌കൂൾ, പള്ളൂർ വി.എൻ.പി. ഹൈസ്‌കൂൾ, ചാലക്കര യു.ജി.ഹൈസ്‌കൂൾ, ചെമ്പ്ര സ്‌കൂൾ, പൂഴിത്തല എൽ.പി.എസ്, പള്ളൂർ അവറോത്ത് യു.പി.സ്‌കൂൾ, പന്തക്കൽ വയലിൽ പീടിക എന്നിവിടങ്ങളിൽ താരതമ്യേന തിരക്ക് അനുഭവപ്പെട്ടു. എന്നാൽ ചെറുകല്ലായി, പാലോട്ടുമ്മൽ, വളവിൽ, ഐ.ടി.ഐ ബൂത്തുകളിൽ പോളിംഗ് ശതമാനം കുറവായിരുന്നു.

അംഗ പരിമിതർക്കും 85 വയസിന് മുകളിലുള്ള വർക്കും വീട്ടിൽ വച്ചു തന്നെ നേരത്തെ വോട്ട് ചെയ്യാൻ അവസരമൊരുക്കിയിരുന്നു. വോട്ടെണ്ണൽ ദിനമായ ജൂൺ നാല് വരെ വോട്ടിംഗ് യന്ത്രങ്ങൾ മാഹി ജവഹർലാൽ നെഹ്രു ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ കേന്ദ്രനേയുടെ കാവലിൽ സൂക്ഷിക്കും.

ചൂടും യന്ത്രത്തകരാറും

കടുത്ത ചൂട് മൂലം പലരും ഉച്ച സമയത്ത് വരാൻ മടിക്കുകയായിരുന്നു. ഈസ്റ്റ് പള്ളൂരിലെ ഗവ.ഐ.ടി.ഐ. ബൂത്തിൽ വോട്ടിംഗ് യന്ത്രം പ്രവർത്തിക്കാത്തത് മൂലം പുതിയ യന്ത്രം കൊണ്ടുവരികയും ചെയ്തു. ഒരു മണിക്കൂർ വൈകിയാണ് അവിടെ പോളിംഗ് ആരംഭിച്ചത്.

ചരിത്രം കുറിച്ച വനിതകൾ

മാതൃകാ ബൂത്തും യൂത്ത് ബൂത്തും ഉൾപ്പടെ ആകെയുള്ള 31 ബൂത്തുകളും നിയന്ത്രിച്ചത് ഇതാദ്യമായി വനിതാ ഉദ്യോഗസ്ഥരും, വനിതാ പൊലീസുമായിരുന്നു. അങ്ങിനെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മാഹിക്ക് ഇടം നേടാനുമായി. എവിടേയും അനിഷ്ട സംഭവങ്ങളുണ്ടായില്ല.