കാസർകോട്: കള്ളവോട്ട് ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങളെ പ്രബുദ്ധരായ വോട്ടർമാർ ചെറുത്ത് തോൽപ്പിക്കുമെന്ന് രാജ്‌ മോഹൻ ഉണ്ണിത്താൻ. കല്യാശ്ശേരി മണ്ഡലത്തിലെ കാപ്പോത്ത് കാവിൽ 92 വയസായ ദേവകി എന്ന സ്ത്രീയുടെ വോട്ട് സി.പി.എം നേതാവ് ഗണേശൻ ചെയ്തത് ഞെട്ടിക്കുന്ന സംഭവമാണ്. സ്ഥിരം കലാപരിപാടി ആയ കള്ളവോട്ട് ചെയ്യൽ സി.പി.എം ആരംഭിച്ചിരിക്കുന്നു. സംഭവത്തിൽ 4 പേരെ സസ്പെൻഡ് ചെയ്തിരിക്കുന്നു. ജന പ്രാതിനിധ്യ നിയമം അനുസരിച്ച് കള്ളവോട്ടിന് കൂട്ട് നിന്ന മുഴുവൻ പേർക്കും എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം. ഗണേശനെ അറസ്റ്റ് ചെയ്തു 26ന് തിരഞ്ഞടുപ്പ് കഴിയും വരെ ജയിലിൽ അടയ്ക്കണം. ഇല്ലെങ്കിൽ അയാൾ ഇനിയും കള്ളവോട്ട് ചെയ്യും. കഴിഞ്ഞ വർഷം പിലാത്തറയിലും, ചീമേനിയിലും സി.പി.എം കള്ളവോട്ട് ചെയ്തത് നാം കണ്ടതാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും ഇത് ജനാധിപത്യവിശ്വാസികൾ തിരിച്ചറിയണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.