
കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരായ വിമർശനം തുടർന്ന് സി.പി.എം. രാഹുലിന് പക്വതയില്ലെന്നും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അദ്ദേഹത്തെ ഉപദേശിക്കണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മനസറിയുന്നയാളാണ് രാഹുലെന്നും അവരോട് ഇത്രയും അടുപ്പമുള്ള മറ്റൊരു നേതാവില്ലെന്നും ഇ.പി. ജയരാജൻ പരിഹാസരൂപേണ പറഞ്ഞു.
വിദേശത്ത് നിന്ന് ഇറക്കിയ പാൽപ്പൊടി കുടിച്ച് വളർന്ന നേതാവല്ല പിണറായി. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വളർന്ന നേതാവാണ്. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട 800 കോടിയുടെ അഴിമതിയിൽ എന്താണ് രാഹുലിനെ അറസ്റ്റ് ചെയ്യാത്തത്? അതു സ്വയം ചോദിച്ചശേഷം പിണറായിക്കെതിരെ പറയുന്നതായിരിക്കും കുറേക്കൂടി ശരി. ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്തുന്നതാണ് രാഹുലിന്റെ പ്രതികരണം. അത് ബി.ജെ.പിക്ക് വേണ്ടിയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.