
കണ്ണൂർ: കണ്ണൂരിൽ യു.ഡി.എഫ് അനുഭാവികളായ ബി.എൽ.ഒമാരെ വച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് സി പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷ് ആരോപിച്ചു. അതിന്റെ വ്യക്തമായ തെളിമാണ് കണ്ണൂർ അസംബ്ലി മണ്ഡലം 70ാം നമ്പർ ബൂത്തിൽ നടന്നത്. ബി.എൽ.ഒ യുടെ നേതൃത്വത്തിലാണ് ഇവിടെ കള്ളവോട്ട് രേഖപ്പെടുത്തിയത്. ഈ കാര്യത്തിൽ യു.ഡി.എഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ടി. വി. രാജേഷ് ആവശ്യപ്പെട്ടു.
85 വയസ്സിന് മുകളിലുള്ള അവശരായ മുതിർന്ന പൗരന്മാർക്ക് വീട്ടിൽവച്ച് വോട്ട് ചെയ്യുന്നതിനുള്ള പദ്ധതിയിൽ ആസൂത്രിത ക്രമക്കേട് നടത്തി പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് യു.ഡി.എഫ് തങ്ങളുടെ അനുകൂലികളായ ബി.എൽ.ഒമാർക്ക് നൽകിയ നിർദ്ദേശം. യു.ഡി.എഫ്. അനുഭാവികളായ ബി.എൽ.ഒമാരുടെ യോഗം കണ്ണൂരിലെ സ്ഥാനാർത്ഥി നേരിട്ട് വിളിച്ചുച്ചേർത്തത് ഇതിന് വേണ്ടിയായിരുന്നു എന്ന സംശയം ശക്തമാവുകയാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ടി.വി. രാജേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.