
കണ്ണൂർ: കണ്ണൂർ കല്യാശ്ശേരിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ റിപോളിംഗില്ലെന്ന് ജില്ലാകളക്ടർ അരുൺ കെ.വിജയൻ.റീപോളിംഗ് സാദ്ധ്യമല്ലെന്നും ഈ വോട്ട് അസാധുവാക്കുമെന്നും വ്യക്തമാക്കിയ ജില്ലാകളക്ടർ ഇതുസംബന്ധിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
സംഭവത്തിൽ സ്‌പെഷ്യൽ പോളിംഗ് ഓഫീസർ വി.വി.പൗർണ്ണമി വിവി, പോളിംഗ് അസിസ്റ്റന്റ് ടി.കെ.പ്രജിൻ, മൈക്രോ ഒബ്സർവർ എ.ഷീല, സിവിൽ പൊലീസ് ഓഫീസർ പി.ലെജീഷ് , വീഡിയോഗ്രാഫർ പി പി. റിജു അമൽജിത്ത് എന്നിവരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സി.പി.എം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കപ്പോത്ത്കാവ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഇ. കെ. ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതായി വ്യക്തമായിരുന്നു.