pinaray
മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കുന്ന്: കോൺഗ്രസും യു.ഡി.എഫും, ബി.ജെ.പിയെയും നരേന്ദ്രമോദിയെയും ചാരി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോടുള്ള നിലപാടിൽ കോൺഗ്രസിന് സംഘപരിവാറിന്റെ മനസ്സാണെന്നും അദ്ദേഹം പറഞ്ഞു. ഉദുമ പാലക്കുന്നിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മോദിയും രാഹുൽ ഗാന്ധിയും ഒരു പ്രത്യേക നിലപാട് ഒരുമിച്ചെടുക്കുകയാണ്. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നയങ്ങളിൽ വ്യത്യാസമില്ലെന്ന് ജനങ്ങൾക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ കൊണ്ടുവന്നു രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ രാജ്യത്താകെ പ്രതിഷേധം അലയടിച്ചു. ലോക രാഷ്ട്രങ്ങൾ വരെ പ്രതിഷേധിച്ചു. പക്ഷേ പാർലമെന്റിന് അകത്തും പുറത്തും നടന്ന പ്രതിഷേധങ്ങളിലൊന്നും കോൺഗ്രസിനെ കണ്ടില്ല. രാഹുൽ ഗാന്ധിയും കോൺഗ്രസ് എം.പിമാരും ബി.ജെ.പിയുടെ നിലപാടിനൊപ്പം അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്.

ജമ്മുകാശ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കുന്ന കാര്യത്തിലും എൻ.ഐ.എ ബില്ല് കൊണ്ടുവന്നപ്പോഴും കരിനിയമമായ യു.എ.പി.എ ഭേദഗതി വന്നപ്പോഴും രാഹുൽ ഗാന്ധിയും കോൺഗ്രസും ബി.ജെ.പിക്കൊപ്പം നിന്നു. നരേന്ദ്രമോദിയെ സന്തോഷിപ്പിക്കുന്നതിനാണ് ഇത്. നൂറ്റാണ്ടിലെ മഹാപ്രളയം വന്ന് കേരളം ദുരിതത്തിലായപ്പോൾ പ്രത്യേക പാക്കേജ് അനുവദിക്കാതെ ബുദ്ധിമുട്ടിച്ച കേന്ദ്രത്തിനെതിരെ യു.ഡി.എഫോ കോൺഗ്രസോ ഒരക്ഷരം മിണ്ടിയില്ല. പ്രവാസി സഹോദരന്മാർ കേരളത്തെ സഹായിക്കാൻ മുന്നോട്ടു വന്നപ്പോൾ മന്ത്രിമാർക്ക് വിദേശ യാത്രയ്ക്ക് അനുമതി നൽകാൻ കേന്ദ്രം തയ്യാറായില്ല. ആപത്ത് കാലത്ത് കേരളത്തെ സഹായിക്കാത്ത മോദിയാണ് ഇപ്പോൾ കേരളത്തെ വികസിപ്പിക്കുമെന്ന് വീമ്പിളക്കുന്നത്. കേന്ദ്രസർക്കാർ കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം ലഭ്യമാക്കാതെ ശ്വാസം മുട്ടിച്ചപ്പോൾ തങ്ങൾക്ക് സുപ്രീംകോടതിയിൽ പോകേണ്ടി വന്നു.

കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരസ്യമായി പറഞ്ഞതെന്നും കോൺഗ്രസിനും ബി.ജെ.പിക്കും കേരളത്തിൽ നിന്ന് ഒന്നും കിട്ടാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, മണ്ഡലം കൺവീനർ കെ.പി സതീഷ് ചന്ദ്രൻ, സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ, മുൻ എം.പി കരുണാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, ഇ. ചന്ദ്രശേഖരൻ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, കെ.വി കുഞ്ഞിരാമൻ, ഘടകകക്ഷി നേതാക്കളായ സി.പി ബാബു, എം.എ ലത്തീഫ്, കരീം ചന്തേര, പി.പി രാജു, കുര്യാക്കോസ് പ്ലാപ്പറമ്പാൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.ടി നന്ദകുമാർ, സണ്ണി അരമന, സജി സെബാസ്റ്റ്യൻ, മൊയ്തീൻ കുഞ്ഞി കളനാട് തുടങ്ങിയവർ പ്രസംഗിച്ചു.