നീലേശ്വരം: നഗരസഭയിലെ ചിറപ്പുറത്ത് ഗ്യാസ് ശ്മാശാനത്തിന് വേണ്ടി കെട്ടിടവും അനുബന്ധ മെഷിനറികളും സ്ഥാപിച്ച് വർഷം ഒന്ന് കഴിഞ്ഞെങ്കിലും ഇതുവരെ തുറന്ന് കൊടുക്കാനായില്ല. നീലേശ്വരം നഗരസഭയും റോട്ടറി ക്ലബ്ബിന്റെയും സാമ്പത്തിക സഹായത്തോടെയാണ് ശ്മശാനം നിർമ്മിച്ചത്.

80 ലക്ഷം രൂപയിൽ 25 ലക്ഷം നീലേശ്വരം റോട്ടറി ക്ലബ്ബും, 16 ലക്ഷം രൂപ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ സി.എസ്.ആർ ഫണ്ടും ഉപയോഗിച്ചായിരുന്നു പണിതത്. ഇതിലേക്കാവശ്യമായ ബർണറടക്കുള്ള മെഷീനറികൾ ഒരു വർഷം മുമ്പ് തന്നെ സ്ഥാപിച്ചെങ്കിലും അതിപ്പോൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. ശ്മാശനത്തിന്റെ പണി ആരംഭിച്ചതിന് ശേഷം റോട്ടറി ക്ലബ്ബിന്റെ മൂന്ന് ഭരണസമിതി മാറുകയും ചെയ്തു.

റോട്ടറി ക്ലബ്ബ് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയോട് നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കമ്പനി ഫണ്ട് അനുവദിച്ചത്. ശ്മശാനം തുറന്ന് കൊടുക്കാത്തതിനെ തുടർന്ന് അവർ റോട്ടറി ക്ലബിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. റോട്ടറി ക്ലബ്ബിന്റെ മേൽ ഘടകവും ഉദ്ഘാടനം നീണ്ടുപോകുന്നത് ചോദ്യം ചെയ്തതായാണ് വിവരം.

തടസമുണ്ട്, നീക്കാൻ

മനസുണ്ടായാൽ മതി

ഒരു വർഷം മുമ്പ് തന്നെ റോട്ടറി ക്ലബ്ബ് അവർ ചെയ്യേണ്ട പണി പൂർത്തീകരിച്ച് നഗരസഭക്ക് കൈമാറിയിരുന്നു. ഇനി ചുറ്റുമതിൽ, ഗേറ്റ്, ഉദ്യാനം എന്നിവയുടെ നിസ്സാര ജോലി മാത്രമേ ബാക്കിയുള്ളു. അക്കാര്യത്തിൽ നഗരസഭയുടെ മെല്ലേ പോക്ക് കാരണമാണ് ശ്മശാനത്തിന്റെ ഉദ്ഘാടനം നീണ്ടു പോകുന്നത്. ശ്മശാനം ഉദ്ഘാടനം ചെയ്യുന്നതോടെ നിലേശ്വരം നഗരസഭ കൂടാതെ, കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലുള്ളവർക്ക് സംസ്കാരം നടത്താൻ സൗകര്യമാവും.