shylaja
കെ.കെ. ശൈലജ

തലശ്ശേരി: പ്രാദേശിക വിഷയങ്ങളേക്കാൾ ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ, ഇത്തവണ വടകര സീറ്റ് തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ. തലശ്ശേരി പ്രസ്സ് ഫോറം ഹാളിൽ മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
രാജ്യം നേരിടുന്ന അപകടകരമായ വെല്ലുവിളികൾ തിരിച്ചറിഞ്ഞവരാണ് വടകരയിലെ പ്രബുദ്ധരായ വോട്ടർമാർ. രാജ്യത്തിന്റെ നിലനിൽപ്പ് തന്നെയാണ് പ്രഥമപ്രശ്നം. മതേതര ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കേരളത്തിൽ ഇത് സംരക്ഷിക്കാൻ എൽ.ഡി.എഫിന് മാത്രമേ സാധിതമാവുകയുള്ളൂവെന്ന് അനുഭവങ്ങൾ കൊണ്ട് ജനംതിരിച്ചറിഞ്ഞതാണ്.
കോൺഗ്രസ്സിന്റെ നില പരുങ്ങലിലാണ്. പലരേയും ബി.ജെ.പി. വിലക്കെടുത്തു. വേറെ ചിലർ അധികാരത്തിന് വേണ്ടി കൂടുമാറി. പോരാടാനുള്ള ശേഷി പോലും അവർക്ക് കൈമോശം വന്നു. അതുകൊണ്ടുതന്നെ ഇത്തവണ കേരളത്തിൽ വടകര ഉൾപ്പടെ 15 സീറ്റുകൾ എൽ.ഡിഎഫ് നേടുമെന്നുറപ്പാണ്.

രണ്ട് മുഖ്യമന്ത്രിമാരെ അറസ്റ്റുചെയ്തതിന് പിറകെ കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ അറസ്റ്റു ചെയ്യാത്തതെന്നാണ് കോൺഗ്രസ് പ്രസിഡന്റ് ചോദിക്കുന്നത്. ബി.ജെ.പിയിൽ ചേർന്നാൽ ആരും അഴിമതി മുക്തരാകും. പിന്നെ ഒരന്വേഷണവുമുണ്ടാകില്ല. കേന്ദ്ര ഏജൻസികളെ നിർദ്ദാക്ഷിണ്യം രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ ഒന്നിച്ചുനിൽക്കുന്നതിന് പകരം, അനവസരത്തിൽ അനുചിതമായി പക്വതയില്ലാതെ പെരുമാറുന്നത് ആർക്കും ഗുണം ചെയ്യില്ലെന്ന് ശൈലജ പറഞ്ഞു.

'വൃത്തികെട്ട മാർഗ്ഗങ്ങൾ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നത് ആരായാലും ധാർമ്മികതയല്ല. സുദീർഘമായ പൊതു പ്രവർത്തന പാരമ്പര്യമുള്ള തനിക്ക് ഇതൊന്നും ഏശാൻ പോകുന്നില്ലെന്നും ജനങ്ങൾക്ക് തന്നെ നന്നായി അറിയാമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അവർ പറഞ്ഞു.എം.പിയായാൽ തലശ്ശേരിയുടെ ദീർഘകാല സ്വപ്നമായ തലശ്ശേരി - മൈസൂർ റെയിൽ പാത യാഥാർത്ഥ്യമാവുമോ എന്ന ചോദ്യത്തിന്, അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും എന്നാൽ മറ്റേതെങ്കിലും പദ്ധതികൾ ഇല്ലാതാക്കിക്കൊണ്ടുള്ള നടപടിക്ക് കൂട്ടുനിൽക്കില്ലെന്നും ശൈലജ പറഞ്ഞു.

സി.പി.എം നേതാക്കളായ കാരായി രാജൻ, എം.സി പവിത്രൻ, സി.കെ രമേശൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു. അനീഷ് പാതിരിയാട് സ്വാഗതവും സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.