kib
കൂത്തുപറമ്പിലെ ഇൻസ്പെക്ഷൻ ബംഗ്ലാവ്

കൂത്തുപറമ്പ്: നവീകരണം പൂർത്തിയായി ഒരു വർഷത്തോളമായിട്ടും ഇൻസ്‌പെക്ഷൻ ബംഗ്ലാവ് തുറന്നു കൊടുക്കുന്നില്ല. സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തുന്ന നടപടിയാണിതെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിൽ നഗരസഭ ഓഫീസിന് സമീപമുള്ള ഇൻസ്‌പെക്ഷൻ ബംഗ്ലാവാണ് 1.07 കോടി ചെലവിൽ നവീകരിച്ചത്.

ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച രണ്ട് കിടപ്പ് മുറികളുള്ള പഴയ ഐബി കെട്ടിടം നവീകരിച്ചും, തൊട്ടടുത്ത 2006ൽ പണിത കെട്ടിടത്തിന് മുകളിൽ ഒരുനില കൂടി പണിതുമാണ് ഐ.ബി മുഖം മിനുക്കിയത്.

പഴയ കെട്ടിടം പാരമ്പര്യത്തനിമ നിലനിർത്തി മേൽക്കൂരയുടെ കേടുവന്ന കഴുക്കോലും പട്ടികയും മാറ്റി ഓടു പാകി തന്നെയാണ് നവീകരിക്കുന്നത്. ഈ കെട്ടിടത്തിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്ത് ഓട് പാകാനുള്ള ശ്രമം ജനകീയ പ്രതിഷേധത്തെ തുടർന്നാണ് ഒഴിവാക്കിയത്. 2006ൽ നിർമ്മിച്ച ഒറ്റനില കെട്ടിടത്തിൽ 3 മുറികളും മീറ്റിംഗ് ഹാളുമാണുണ്ടായിരുന്നത്. ഇപ്പോൾ നിർമ്മിച്ച ഒന്നാം നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മീറ്റിംഗ് ഹാളും ശീതീകരിച്ച 4 മുറികളുമാണ് ഒരുങ്ങിയത്.

എന്നാൽ, നവീകരണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞു. ഉദ്ഘാടനം നീണ്ടുപോകുന്നതാണ് ആളുകളെ ഐ.ബിയിൽ നിന്നും അകറ്റുന്നത്. ശീതീകരിച്ച കിടപ്പ് മുറികളും മീറ്റിംഗ് ഹാളും ഉൾപ്പെടെ 10 മുറികളാണ് കെട്ടിട്ടത്തിലുള്ളത്.

ചെറിയ നിരക്കിൽ മുറികൾ ലഭിക്കുമെന്നതിനാൽ സാധാരണക്കാർ ഉൾപ്പെടെ നിരവധി ആളുകളാണ് കൂത്തുപറമ്പ് സർക്കാർ ഗസ്റ്റ് ഹൗസിനെ സമീപിക്കുന്നത്. മുറികൾ വാടകക്ക് കൊടുക്കാത്തതിനാലാണ് വലിയ തുക സർക്കാർ ഖജനാവിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

സൗന്ദര്യവത്കരണമാണ്

കടമ്പയാകുന്നത്

മുറ്റം ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തിയും ചെടികൾ വച്ച് പിടിപ്പിച്ച് സൗന്ദര്യവത്കരണവും ഇനിയും ബാക്കിയുണ്ട്. ഇത് നിലവിലെ എസ്റ്റിമേറ്റിൽ ഉണ്ടായിരുന്നില്ല. ഇതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമായി അധികൃതർ പറയുന്ന ന്യായം. അതേസമയം രണ്ടു പേർ ഐ.ബിയിൽ ജീവനക്കാരായുണ്ട്. താമസത്തിനായി പലപ്പോഴും ആളുകൾ എത്തുന്നുണ്ടെങ്കിലും മുറി ലഭിക്കാത്തതിനെത്തുടർന്ന് തിരിച്ചുപോകുന്ന അവസ്ഥയാണ് ഉള്ളത്.

1.07 കോടിയുടെ നവീകരണം

2006 നിർമ്മിച്ച ഒറ്റനില കെട്ടിടത്തിൽ മൂന്നു മുറികളും മീറ്റിംഗ് ഹാളും ആണ് ഉണ്ടായിരുന്നത്. ഒന്നാം നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മീറ്റിംഗ് ഹാളും ശീതീകരിച്ച നാല് മുറികളാണ് സജ്ജമാക്കിയത്. പഴയ കെട്ടിടത്തിലെ രണ്ട് മുറികൾ കൂടാതെ ഒരു മുറിയും കാർ പോർച്ചും ആണ് നിർമ്മിച്ചത്. കെട്ടിടം എത്രയും വേഗം തുറന്നു കൊടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.