mullappalli
വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തലശ്ശേരി മണ്ഡലം തീരദേശ യാത്ര മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: കൊവിഡ് കാലത്തെ അഴിമതിയെക്കുറിച്ച് പലവട്ടം വ്യക്തമായ ആരോപണം ഉന്നയിച്ചിട്ടും വടകരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി മറുപടി പറയാത്തതെന്തെന്ന് ചൂണ്ടിക്കാട്ടണമെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തലശ്ശേരി മണ്ഡലം തീരദേശ യാത്രയുടെ ഉദ്ഘാടനം കടൽപ്പാലത്തിന് സമീപം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
കൊവിഡ് കാലം കൊയ്ത്ത് കാലമാക്കുകയായിരുന്നു പിണറായിയുടെ ഭരണം. അന്നത്തെ ഇടപാടിന്റെ ബുദ്ധി കേന്ദ്രമായ മുഖ്യമന്ത്രി മറുപടി പറഞ്ഞേ പറ്റൂ. അത് വിശദീകരിക്കേണ്ടതിന് ഏറ്റവും പറ്റിയ സമയമാണ് ഈ തിരഞ്ഞെടുപ്പ്. അല്ലാത്ത പക്ഷം കേരള പൊതുസമൂഹത്തിന് മുന്നിലെ സംശയം വർദ്ധിക്കുകയേയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
പിണറായി വിജയൻ രാവും പകലും നരേന്ദ്ര മോദിയെ സംരക്ഷിക്കേണ്ട ശ്രമത്തിന്റെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധിക്കെതിരെ കടന്നാക്രമണം നടത്തുന്നത്. രാഹുൽ ഗാന്ധി നരേന്ദ്ര മോദി കാണിക്കുന്ന ഇരട്ടത്താപ്പിനെ കുറിച്ചാണ് പ്രധാനമായും പറഞ്ഞത്. അതിൽ പ്രകോപിതനായി രാഹുൽ ഗാന്ധിക്കെതിരായി കടന്നാക്രമണം നടത്തുന്നത് തികഞ്ഞ കുറ്റബോധം കൊണ്ടാണ്. സംഘപരിവാറിനും നരേന്ദ്ര മോദിക്കുമെതിരായി മുഖാമുഖം യുദ്ധം ചെയ്യുന്ന ഏക നേതാവ് രാഹുൽ ഗാന്ധിയാണ്. മതനിരപേക്ഷ വാദിയായ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ എത്ര ശ്രമിച്ചാലും പിണറായിക്ക് തകർക്കാൻ സാധ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
എ.കെ ആബൂട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് പുന്നക്കൽ അഹമ്മദ്,
ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു, അഡ്വ. കെ.എ ലത്തീഫ് സംസാരിച്ചു. സാഹിർ പാലക്കൽ സ്വാഗതവും അഡ്വ. സി.ടി സജിത്ത് നന്ദിയും പറഞ്ഞു.
അഡ്വ. ടി. ആസഫലി, വി.എ നാരായണൻ, എം.പി അരവിന്ദാക്ഷൻ, സജീവ് മാറോളി, വി.സി പ്രസാദ്, എൻ. മഹമൂദ്, സി.കെ.പി മമ്മു, അഷറഫ്, ഫൈസൽ പുനത്തിൽ എന്നിവർ ജാഥയെ നയിച്ചു.